അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിന് ജയം. ഏകദിനത്തിലെയും ട്വന്റി 20യിലെയും ലോക ചാമ്പ്യന്മാർക്കെതിരെ തകർപ്പൻ വിജയമാണ് കിവിസ് പട നേടിയത്. മത്സരത്തിൽ ടോസ് നേടിയ കിവിസ് നായകൻ ഫീൽഡ് ചെയ്യാൻ ഇറങ്ങി. ട്രെന്റ് ബോൾട്ടും മാറ്റ് ഹെൻറിയും മിച്ചൽ സാന്ററും നന്നായി പന്തെറിഞ്ഞു. വലിയ ഷോട്ടുകൾക്ക് മുതിരാതെ സ്കോർബോർഡ് ഉയർത്താൻ ഇംഗ്ലണ്ട് ശ്രമിച്ചു. ഈ തന്ത്രം ആദ്യ ഇന്നിംഗ്സിൽ നല്ലൊരു സ്കോറിലെത്താൻ ഇംഗ്ലണ്ടിനെ സഹായിച്ചു.
ലോകകപ്പിലെ ആദ്യ പന്ത് എറിഞ്ഞത് ന്യൂസിലൻഡിന്റെ വിശ്വസ്ത പേസർ ട്രെന്റ് ബോൾട്ട്. ആദ്യ പന്ത് നേരിട്ട ജോണി ബെയർസ്റ്റോ റൺസൊന്നും നേടിയില്ല. രണ്ടാം പന്തിൽ ബോൾട്ടിനെ നിലം തൊടാതെ അതിർത്തി കടത്തി ബെയർസ്റ്റോ ലോകകപ്പിലെ ആദ്യ സിക്സ് അടിച്ചു. ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ ആദ്യ ഫോറും ബെയർസ്റ്റോ തന്നെ നേടി. രണ്ടാം ഓവറിൽ മാറ്റ് ഹെൻറി ആദ്യ മെയ്ഡൻ ഓവർ എറിഞ്ഞു. പക്ഷേ ആദ്യ വിക്കറ്റെടുക്കാൻ എട്ടാം ഓവറിലെ നാലാം പന്തുവരെ ന്യൂസിലൻഡ് കാത്തിരുന്നു. ഇംഗ്ലണ്ട് ഓപ്പണർ ഡേവിഡ് മലാനെ മാറ്റ് ഹെൻറി പുറത്താക്കി. മലാൻ നേടിയത് 14 റൺസ് മാത്രം. ടോം ലഥാമിനായിരുന്നു ലോകകപ്പിലെ ആദ്യ ക്യാച്ച്.
പവർപ്ലേ പിന്നിടുമ്പോൾ ഇംഗ്ലണ്ട് 1ന് 51. സ്കോർബോർഡ് മുന്നോട്ട് നീങ്ങുമ്പോഴും കൃത്യമായ ഇടവേളകളിൽ ഇംഗ്ലീഷുകാർ വിക്കറ്റ് കളഞ്ഞു. ഒറ്റയ്ക്ക് പോരാടിയ ജോ റൂട്ട് 77 റൺസെടുത്ത് പുറത്തായി. ലോകകപ്പിലെ ആദ്യ അർദ്ധ സെഞ്ചുറി ജോ റൂട്ട് അടിച്ചെടുത്തു. 43 റൺസെടുത്ത് നായകൻ ജോസ് ബട്ലർ പിന്തുണ നൽകി. നന്നായി തുടങ്ങിയ പലരും വലിയ സ്കോറിലേക്ക് എത്തിയില്ല. ഇതോടെ 50 ഓവറിൽ ഇംഗ്ലണ്ട് 9ന് 282 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
മറുപടി പറഞ്ഞ കിവീസിന് ഓപ്പണർ വിൽ യങ്ങിനെ തുടക്കം തന്നെ നഷ്ടമായി. സംപൂജ്യനായി യങ് പുറത്താകുമ്പോൾ ന്യൂസിലൻഡ് സ്കോർബോർഡിൽ വെറും 10 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ ഡെവോൺ കോൺവേയും രച്ചിൻ രവീന്ദ്രയും ഒന്നിച്ചതോടെ കിവിസ് പടയോട്ടം തുടങ്ങി. രവീന്ദ്ര ആയിരുന്നു കൂടുതൽ ആക്രമണം അഴിച്ചുവിട്ടത്. മികച്ച ബാറ്റിങ്ങുമായി ഇരുവരും മുന്നേറിയതോടെ ഇംഗ്ലീഷ് താരങ്ങൾ പരാജയം സമ്മതിച്ചു.
36.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവിസ് ലക്ഷ്യത്തിലെത്തി. 121 പന്തിൽ ഡെവോൺ കോൺവേ 152 റൺസെടുത്തു. 19 ഫോറും മൂന്ന് സിക്സും കോൺവേയുടെ ഇന്നിംഗ്സിന്റെ ഭാഗമായി. 96 പന്ത് നേരിട്ട രച്ചിൻ രവീന്ദ്ര 123 റൺസും നേടി. 11 ഫോറും അഞ്ച് സിക്സുമാണ് രവീന്ദ്രയുടെ ബാറ്റിൽ നിന്ന് പിറന്നത്. കഴിഞ്ഞ ലോകകപ്പിന്റെ കലാശപ്പോരിലെ തോൽവിക്ക് പകരംം വീട്ടലുമായി ന്യൂസിലൻഡിന്റെ വിജയം
Discussion about this post