സിക്കിം: സിക്കിമിൽ മേഘസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ആറ് സൈനികർ ഉൾപ്പടെ 17 പേർ മരിച്ചു. 200ലേറെ പേരെ കാണാനില്ലെന്നാണ് അനൗദ്യോഗിക കണക്കുകൾ. കാണാതായ സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രളയത്തിൽ ഒലിച്ചുപോയവർക്കായി തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘങ്ങളെ കേന്ദ്ര സർക്കാർ സിക്കിമിലേക്ക് അയച്ചു.
ഒക്ടോബർ 15 വരെ സിക്കിമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ടീസ്റ്റ നദിയിലൂടെ കുത്തിയൊലിച്ചെത്തിയ പ്രളയജലം വടക്കൻ സിക്കിമിലെ ചുങ്താം ഡാമും ജലവൈദ്യുതിനിലയവും തകർത്തെറിയുകയായിരുന്നു. ടീസ്റ്റ നദിക്കരയിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു. കരസേന, ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ ഇവർക്ക് ഭക്ഷണവും മറ്റു സഹായങ്ങളുമെത്തിച്ചു. മിന്നൽ പ്രളയം സംഹാരതാണ്ഡവമാടിയ സിക്കിമിൽ 11 പാലങ്ങളും 277 വീടുകളും ഒലിച്ചുപോയിട്ടുണ്ട്.
Discussion about this post