കോഴിക്കോട്: ആർഎസ്എസ് സർ സംഘചാലക് ഡോക്ടർ മോഹൻ ഭാഗവത് കേരളത്തിൽ എത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ആർഎസ്എസ് പ്രാന്തപ്രചാരക് എസ് സുദർശനൻ, കേസരി മുഖ്യപത്രാധിപർ ഡോ. എൻ ആർ മധു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
കോഴിക്കോട് കേസരിയിൽ നടക്കുന്ന അമൃതശതം പരിപാടിയിൽ ഡോക്ടർ മോഹൻ ഭാഗവത് പ്രഭാഷണം നടത്തും. ആർ എസ് എസിന്റെ സംഘടനാ ശാസ്ത്രം എന്ന വിഷയത്തെ അധികരിച്ചാണ് ആണ് പ്രഭാഷണം. സാമൂഹിക സാംസ്കാരിക, സാമുദായിക രംഗത്തെ പ്രമുഖർ ഈ പരിപാടിയിൽ സംബന്ധിക്കും.
നാളെ പുലർച്ചെ കായംകുളത്തെത്തുന്ന അദ്ദേഹം വള്ളിക്കാവ് അമൃതാ എൻജിനീയറിങ് സ്‌കൂളിൽ ചേരുന്ന സംഘചാലക് ശിബിരത്തിൽ മാർഗദർശനം നൽകും. വൈകീട്ട് 3.30-ന് വള്ളിക്കാവ് ആശ്രമത്തിൽ മാതാ അമൃതാനന്ദമയീദേവിയെ സന്ദർശിക്കും.
9 , 10 തീയതികളിൽ തിരുവനന്തപുരത്ത് സംഘടനായോഗങ്ങളിൽ പങ്കെടുക്കുന്ന അദ്ദേഹം 10-ന് പുലർച്ചെ 6.45-ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രദർശനം നടത്തും. വൈകീട്ട് 7.45-ന് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ചയുണ്ട്. 11-ന് പുലർച്ചെ മടങ്ങും.
ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയഹൊസബൊളെയും വിവിധ പരിപാടികൾക്കായി കേരളത്തിലുണ്ട്. വൈക്കം സത്യഗ്രഹ ശതാബ്ദിയുടെ ഭാഗമായി ആർ.എസ്.എസ്. വൈക്കത്ത് സംഘടിപ്പിച്ച പൂർണ ഗണവേഷ സാംഘിക്കിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഒൻപത്, പത്ത് തീയതികളിൽ തിരുവനന്തപുരത്ത് സർസംഘചാലക് ഡോ.മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ ചേരുന്ന സംഘടനാ യോഗത്തിലും സർകാര്യവാഹ് പങ്കെടുക്കും . 11-ന് എറണാകുളത്ത് എത്തുന്ന സർകാര്യവാഹ് വൈകീട്ട് മടങ്ങും.
2020 ഇൽ കോഴിക്കോട് കേസരി മാധ്യമ പഠനഗവേഷണ കേന്ദ്രത്തിന്റെ ഉൽഘാടനത്തിനെത്തിയ മോഹൻഭഗവത്‍ ഇത് രണ്ടാം തവണയാണ് കേസരിഭവനിൽ എത്തുന്നത്.
Discussion about this post