മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പ്രഥമ ദൗത്യമായ ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങളിലേക്ക് ഐഎസ്ആർഒ കടക്കുന്നു. ആളില്ലാ പേടകമയച്ചുള്ള പരീക്ഷണങ്ങൾക്കാണ് തുടക്കമിടുന്നത്. ആളില്ലാ പരീക്ഷണ വാഹനമായ ടിവി ഡി-1 (ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ-1) വിക്ഷേപണത്തിന് സജ്ജമായതായി ഐ എസ് ആർ ഒ അറിയിച്ചു.
ബഹിരാകാശ യത്രികാർക്ക് സഞ്ചരിക്കാനുള്ള ക്രൂ മോഡ്യുൾ (സി എം), അടിയന്തര സാഹചര്യങ്ങളിൽ യാത്രികരെ രക്ഷപ്പെടുത്താനുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം (സി ഇ എസ്) അടങ്ങിയതാണ് ടിവി ഡി-1. സംയോജനവും പരിശോധനയും പൂർത്തിയാക്കി ടിവി-ഡി1 വിക്ഷേപണത്തിന് സജ്ജമായതായി ഐ എസ് ആർ ഒ അറിയിച്ചു. പരീക്ഷണവാഹനം വിക്ഷേപണത്തറയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പേടകങ്ങളുടെ ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തുവിട്ടു. ക്രൂ മൊഡ്യൂളിലെ ഏവിയോണിക്‌സ് സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജമാണ്. ഗതിനിയന്ത്രണം, സീക്വൻസിങ്, ടെലിമെട്രി, ഇൻസ്ട്രുമെന്റേഷൻ, പവർ എന്നിവയ്ക്കായുള്ള ഡ്യുവൽ റിഡൻഡന്റ് മോഡ് കോൺഫിഗറേഷനിലാണ് ക്രൂ മൊഡ്യൂളിലെ ഏവിയോണിക്‌സ് സംവിധാനങ്ങൾ. വിവിധ സംവിധാനങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിന് ക്രൂമൊഡ്യൂൾ സദാസമയവും ഫ്‌ളൈറ്റ് ഡേറ്റ ശേഖരിക്കും.
ദൗത്യം പൂർത്തിയാക്കി മടങ്ങുന്ന ക്രൂ മൊഡ്യൂളിനെ ബംഗാൾ ഉൾക്കടലിലാണ് സുരക്ഷിതമായി വീഴ്ത്തുക. ഇവിടെ നിന്ന് നാവികസനയുടെ കപ്പലും ഡൈവിങ് ടീമിനെയും ഉപയോഗിച്ചാണ് വീണ്ടെടുക്കുക. ഇതിനുള്ള പരിശീലനം ഇതുമായി ബന്ധപ്പെട്ട സംഘങ്ങൾക്ക് ഐ എസ് എർ ഒയും നാവികസേനയും ചേർന്ന് നേരത്തെ നൽകിയിരുന്നു.
Discussion about this post