ഡൽഹി: പലസ്തീൻ സായുധ സംഘമായ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 5,000 റോക്കറ്റുകൾ 20 മിനിറ്റിൽ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രായേലിന് ഉളളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. പിന്നാലെ യന്ത്ര തോക്കുകളുമായി അതിർത്തി കടന്ന് ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം വെടിവെപ്പും നടത്തി. തെരുവിലൂടെ വെടിവെപ്പ് നടത്തുന്ന ഹമാസ് ആയുധസംഘത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ തിരിച്ചടിച്ച് തുടങ്ങി. ആക്രമണത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് വീഡിയോ പുറത്ത് വിട്ട ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ, യുദ്ധം തുടങ്ങിയെന്നും നമ്മൾ ജയിക്കുമെന്നും ഹമാസിന് തിരിച്ചടി ലഭിക്കുമെന്നുംരാജ്യത്തെ അറിയിച്ചു. പിന്നാലെ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചു. ഇസ്രായേലിനെതിരെ യുദ്ധപ്രഖ്യാപനത്തിലൂടെ ഹമാസ് വലിയതെറ്റ് ചെയ്തുവെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി യോവ് ഗാലന്റും പ്രതികരിച്ചു.
ഇസ്രയേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടതെന്നും തങ്ങളുടെ പ്രാർത്ഥനകൾ നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇസ്രയേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അദ്ദേഹം കുറിച്ചു.
Discussion about this post