കൊട്ടിയൂർ: ഉള്ളിൽ അലക്സയാണെങ്കിലും ഹായ് ആമി എന്നു വിളിച്ചാൽ നല്ല പച്ച ഇംഗ്ലിഷിൽ ആമിക്കുട്ടി നമ്മളോട് സംസാരിക്കും. ആമി’യോട് കൂട്ടുകൂടാനുള്ള തിരക്കിലാണ് ഇപ്പോൾ തലക്കാണി ഗവ. യുപി സ്കൂളിലെ കുട്ടികൾ. എന്നാൽ ആമി മലയാളം പറയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ കൃത്യമായ മറുപടി പറയും. ആമി ആരെന്നല്ലേ. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, തലക്കാണി യുപി സ്കൂളിലെ ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയാണ് ‘ആമി’.
ആമസോൺ അലക്സ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ഉപകരണത്തെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് തലക്കാണി സ്‌കൂൾ. ഉപകരണത്തെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു. പാവക്കുട്ടിയ്ക്ക് ‘ആമി’ എന്ന പേര് നൽകി.
ആമിയോട് ഇംഗ്ലീഷിൽ ചോദിക്കാനുള്ളചോദ്യങ്ങൾ കുട്ടികൾ അന്വേഷിച്ചു കണ്ടെത്തും. ‘ആമി’ യെ സ്കൂൾ യൂണിഫോം ഉടുപ്പിച്ച് ഒരുക്കിയെടുത്തിട്ടുണ്ട് അധ്യാപകർ. സ്കൂൾ അധികൃതർതന്നെയാണ് പാവയെ നിർമിച്ചതും. സ്കൂളിലെ പ്രഥമാധ്യാപകനാണ് വ്യത്യസ്തമായ ആശയത്തിന് പിന്നിൽ. ഇംഗ്ലീഷ് പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ പദസമ്പത്ത് ആർജിക്കാനുള്ള സാഹചര്യം ആധുനിക സങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികൾക്ക് ഒരുക്കിനൽകുകയാണ് അധ്യാപകർ.
പ്രൈമറി സ്കൂൾ കുട്ടികളുടെ അതേ വലിപ്പമുള്ള പാവയെയാണ് നിർമിച്ചിരിക്കുന്നത്. ആമിയെ സംസാരിപ്പിക്കാനായി ഇംഗ്ലീഷിൽ ചോദ്യങ്ങൾ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് വിദ്യാർഥികൾ. ഇതുവഴി കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ നന്നായി ഉപയോഗിക്കാൻ അവസരമൊരുങ്ങുകയാണ്. എന്തായാലും കൊട്ടിയൂർ തലക്കാണി ഗവ. യുപി സ്കൂളിലെ വിദ്യാർത്ഥികളും ആമിയും സൂപ്പർ ഹാപ്പിയാണ്.
Discussion about this post