മുംബൈ: സിനിമാതാരങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതും അത് നിഷേധിച്ച് അവര്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തുന്നതും പുതുമയുള്ള കാര്യമല്ല. ഇത്തരത്തില്‍ കഴിഞ്ഞ മാസം വാര്‍ത്തകളില്‍ നിറഞ്ഞത് നടി നിത്യ മേനനയിരുന്നു. ഒരു തമിഴ് താരം ഷൂട്ടിംഗ് സെറ്റില്‍ തന്നെ ശല്യം ചെയ്തെന്നും തമിഴ് സിനിമയില്‍ താന്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടെന്നും നിത്യ പറഞ്ഞതായി ഇന്നലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചില പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചാണ് നിത്യ എത്തിയത്.
. “പത്രപ്രവര്‍ത്തകരിലെ ഒരു വിഭാഗം ഈ വിധം താണ നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നത് ഏറെ ഖേദകരമാണ്. ഇതിനേക്കാള്‍ മെച്ചപ്പെടണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇത് വ്യാജ വാര്‍ത്തയാണ്. പൂര്‍ണമായും അസത്യം. ഇങ്ങനെയൊരു അഭിമുഖം ഞാന്‍ നല്‍കിയിട്ടില്ല. ഈ അപവാദപ്രചരണം തുടങ്ങിവച്ചത് ആരെന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടെങ്കില്‍ ദയവായി അത് എന്നെ അറിയിക്കുക. ക്ലിക്ക് ലഭിക്കാന്‍വേണ്ടിമാത്രം ലളിതമായി ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നവര്‍ക്ക് അതിന്‍റെ ബാധ്യത ഉണ്ടാവേണ്ടതുണ്ട്.” – എന്നാണ് അന്ന് തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നിത്യ പ്രതികരിച്ചത്.
ഇപ്പോള്‍ സംഭവത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കുകയാണ് നിത്യ. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ മേനന്‍റെ വിശദീകരണം വന്നിരിക്കുന്നത്. ഇത്തരം വാര്‍ത്തകളില്‍ കേള്‍ക്കുമ്പോള്‍ തൊലിക്കട്ടി വേണം എന്നാണ് ചിലര്‍ പറയാറ് എന്നാല്‍ ഇത് തൊലിക്കട്ടിയുടെ കാര്യമല്ലെന്ന് നിത്യ അഭിമുഖത്തില്‍ തീര്‍ത്തു പറയുന്നു.
“ആരോ എന്നെ ഉപദ്രവിച്ചുവെന്ന് അര്‍ക്കെങ്കിലും എങ്ങനെ പറയാൻ സാധിക്കും ? ഈ കാര്യം പുറത്ത് പറയണം എന്ന് തോന്നി. ആ ഉത്തരവാദിത്തം എനിക്കുണ്ട്. ആളുകൾ നിങ്ങളെ മോശമായി ചിത്രീകരിക്കുമ്പോള്‍ നിങ്ങൾ അവരുടെ നേരെ വിരൽ ചൂണ്ടണം. ഇത്തരം കാര്യം ചെയ്യുന്നതിന്‍റെ ആഘാതവും അനന്തരഫലങ്ങളും അവർ അഭിമുഖീകരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.” -നിത്യ പറയുന്നു.
Discussion about this post