കൊച്ചി: സിഎംആര്‍എല്‍ -എക്‌സാലോജിക് കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കണമെന്ന ഗിരീഷ് ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനും ഹര്‍ജിക്കാരന്റെ അഭിഭാഷകനും നിര്‍ദ്ദേശം നൽകിയിരുന്നു. ഗിരീഷ് ബാബു മരിച്ചതിനാല്‍ ഹര്‍ജിയുമായി മുന്നോട്ട് പോകാനില്ലെന്നും ഹര്‍ജിയില്‍ കക്ഷി ചേരാനില്ലെന്നും കുടുംബം വ്യക്തമാക്കിയെന്ന് അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ റിവിഷന്‍ ഹര്‍ജി നിലനിൽക്കുമെന്നും ഹർജിയിൽ കുടുംബം പങ്കുചേരേണ്ടതില്ലെന്നും കോടതി അറിയിച്ചു. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
സിഎംആര്‍എലും എക്‌സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാട് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. എക്‌സാലോജിക് കമ്പനിയുടമ വീണ വിജയന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷന്‍ ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍.
ഇവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. പരാതിക്കാരന്‍ സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതി കേസ് തള്ളിയത്. ഹര്‍ജി സ്വീകരിക്കാന്‍ മതിയായ തെളിവുകളില്ലെന്നായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. ഇതിന് പിന്നാലെയാണ് ഹര്‍ജിക്കാരന്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post