ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന. 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പിഎഫ്ഐ കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നത്. പുലർച്ചെ അഞ്ച് മണിയോടെയാണ് പരിശോധന ആരംഭിച്ചത്.
2006ലെ ട്രെയിൻ ബോംബാക്രമണക്കേസ് പ്രതി വഹീദ് ഷെയ്ക്കിന്റെ മുംബൈയിലെ വീട്ടിലും എൻഐഎ പരിശോധന നടത്തുകയാണ്. എൻഐഎ സംഘത്തെ അകത്തേക്ക് കടത്തിവിടാതെ തടയുകയും പരിശോധനയ്ക്ക് ആദ്യം ലീഗൽ നോട്ടീസ് കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തന്റെ വീടിന്റെ വാതിലും ക്യാമറകളും തകർത്തുവെന്ന് വഹീദ് ഷെയ്ഖ് ഇന്ത്യ ടുഡേയോട് പറഞ്ഞു. പിഎഫ്ഐയുടെ 12 ദേശീയ നേതാക്കൾക്കടക്കം 19 പേർക്കെതിരെ എൻഐഎ ചാർജ്ഷീറ്റ് സമർപ്പിച്ചിരുന്നു. 2022 സെപ്റ്റംബറിലാണ് പിഎഫ്ഐയും അതിന്റെ എട്ട് അനുബന്ധ സംഘടനകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചത്. കേരളത്തിലെ നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ടും (എൻഡിഎഫ്) കർണാടക ഫോറം ഫോർ ഡിഗ്നിറ്റിയും (കെഎഫ്ഡി) ലയിച്ച് 2006ലാണ് പിഎഫ്ഐ രൂപീകരിച്ചത്.
Discussion about this post