ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തി. അഫ്ഗാന്‍ ഉയര്‍ത്തിയ 272 റണ്‍സ് ഇന്ത്യ രോഹിത് ശര്‍മ്മയുടേയും (131) വിരാട് കോഹ്ലിയുടേയും ( 55*) തകര്‍പ്പന്‍ പ്രകടനമാണ് വിജയത്തിലേക്കെത്തിച്ചത്. ഇഷന്‍ കിഷന്‍ 47 റണ്‍സും ശ്രേയസ് അയ്യര്‍ 25* റണ്‍സുമെടുത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച രോഹിത് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിക്കുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ 156 റണ്‍സാണ് ഇഷന്‍ കിഷനും രോഹിത് ശര്‍മ്മയും സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഇഷന്‍ പുറത്തായ ശേഷം എത്തിയ വിരാട് കോഹ്ലി കഴിഞ്ഞ മത്സരത്തിലെ ഫോം തുടരുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ കോഹ്ലി-രോഹിത് സഖ്യം 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോഹ്ലി-ശ്രേയസ് സഖ്യം മൂന്നാം വിക്കറ്റില്‍ 68 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമുണ്ടാക്കി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് അര്‍ധ സെഞ്ച്വറി നേടിയ ഹഷ്മത്തുള്ള ഷാഹിദിയുടേയും (80) അസ്മത്തുള്ള ഒമര്‍സായിയുടേയും (62) പ്രകടനമാണ് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരുടേയും പ്രകടനത്തിന്റെ പിന്‍ബലത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് അഫ്ഗാന്‍ കുറിച്ചത്.
റഹ്‌മ്മതുള്ള ഗുര്‍ബാസും (21) ഇബ്രാഹിം സര്‍ദാനും (22) ഭേദപ്പെട്ട തുടക്കം നല്‍കുമെന്ന് കരുതിയെങ്കിലും ബുംറ സമ്മതിച്ചില്ല. സ്‌കോര്‍ ബോര്‍ഡ് 32 റണ്‍സിലെത്തിയപ്പോള്‍ സര്‍ദാനെ ബുംറ പുറത്താക്കി. പിന്നാലെയെത്തിയ റഹ്‌മത്ത് ഷായ്‌ക്കൊപ്പം ഗുര്‍ബാസ് സ്‌കോര്‍ ഉയര്‍ത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും പാണ്ഡ്യ ആ പ്രതീക്ഷയും തകര്‍ത്തു. തുടരെ രണ്ട് വിക്കറ്റ് വീണതോടെ അഫ്ഗാന്‍ തകര്‍ച്ചയെ നേരിട്ടു.63 ന് മൂന്ന് എന്ന നിലയില്‍ അഫ്ഗാനെത്തിയപ്പോഴായിരുന്നു ഹഷ്മത്തുള്ള ഷാഹിദിയുടേയും അസ്മത്തുള്ള ഒമര്‍സായിയുടേയും രക്ഷാപ്രവര്‍ത്തനം. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 121 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒമര്‍സായിയെ പുറത്താക്കി പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. സെഞ്ച്വറിയിലേക്ക് കുതിച്ച ഷാഹിദിയെ കുല്‍ദീപാണ് പുറത്താക്കിയത്. പിന്നാലെയെത്തിയവര്‍ ചെറുത്ത് നില്‍പ്പിന് ശ്രമിക്കാതെ മടങ്ങി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്ത്തി.
Discussion about this post