വടകര: തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പാർട്ടി പരിപാടിയിൽ പങ്കെടുപ്പിച്ചതായി പരാതി. വടകര ഒഞ്ചിയം പഞ്ചായത്തിലെ തയ്യിൽ ഏഴാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളെയാണ് ഭീഷണിപ്പെടുത്തി ഇടത് സംഘടനയുടെ പരിപാടിയിൽ പങ്കെടുപ്പിച്ചതായി പരാതി ഉയർന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ, കോഴിക്കോട് കളക്ട്രേറ്റിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. തൊഴിലാളികളെ തൊഴിൽ സമയത്ത് മസ്‌റ്റർ റോളിൽ ഒപ്പ് വചാണ് പാർട്ടി പരിപാടിയിൽ പങ്കെടുപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. അറ്റന്റൻസ് രെജിസ്റ്റർ ഉൾപ്പെടെ ഉദ്യോഗസ്ഥർ പരിശോധിക്കുകയും. ജോലി ചെയ്തുവെന്ന് കാണിച്ച സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു.
വാർഡിലെ തൊഴിലുറപ്പ് മേറ്റ് ആശ രവിയുടെ നിർബന്ധത്തെ തുടർന്നും, ഭീഷണിയും മൂലമാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് തൊഴിലാളികൾ പറയുന്നത്. പാർട്ടി പരിപാടിയിൽ തൊഴിലാളികൾ പങ്കെടുക്കണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. കള്ള ഒപ്പിട്ട് പാർട്ടി പരിപാടിയിൽ പങ്കെടുത്ത ദിവസത്തെ വേതനം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അതെ സമയം തങ്ങളെ ഭീഷണിപ്പെടുത്തി, കള്ള ഒപ്പിടുവിച്ച് പാർട്ടി പരിപാടിയിൽ പങ്കെടുപ്പിച്ച മേറ്റിന്റെ കൃത്യവിലോപത്തിന് എതിരെയാണ് നടപടി വേണ്ടതെന്നും, മേറ്റിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. അല്ലാത്ത പക്ഷം പ്രതിഷേധ പരിപാടിയിലേക്ക് പോകുമെന്ന് തൊഴിലാളികൾ വ്യക്തമാക്കി.

