കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് സഞ്ജയൻ പുരസ്കാരം പി.ആർ. നാഥന്. അമ്പതിനായിരം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.ആർ. നാഥൻ്റെ സാഹിത്യസാംസ്കാരിക രംഗത്തെ സംഭാവനകളെ മുൻനിർത്തിയാണ് അദ്ദേഹത്തെ സഞ്ജയൻ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് പുരസ്കാര നിർണയ സമിതി അറിയിച്ചു. മലയാളത്തിൻ്റെ ഹാസസാഹിത്യകാരൻ എം.ആർ. നായർ എന്ന സഞ്ജയൻ്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം നേരത്തെ മഹാകവി അക്കിത്തം, ഒ.വി. വിജയൻ, അയ്യപ്പപണിക്കർ, സി. രാധാകൃഷ്ണൻ, എം.വി. ദേവൻ, ടി. പത്മനാഭൻ, പി. നാരായണക്കുറുപ്പ്, തുറവൂർ വിശ്വംഭരൻ, എസ്. രമേശൻ നായർ, പി. വത്സല, മാടമ്പ് കുഞ്ഞുക്കുട്ടൻ, എൻ.കെ. ദേശം എന്നിവർക്കാണ് ലഭിച്ചത്.
പി. ബാലകൃഷ്ണൻ, യു.പി. സന്തോഷ്, ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. നവംബർ 4ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ സംസ്കാർ ഭാരതി ദേശീയ സംഘടനാ കാര്യദർശി അഭിജിത് ഗോഖലെ പുരസ്കാരം സമ്മാനിക്കും.
Discussion about this post