അഹമ്മദാബാദ്: പാകിസ്താനെതിരെ നാളെ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ശുബ്മാൻ കളിക്കാൻ സാധ്യതയെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. എങ്കിലും അന്തിമ തീരുമാനം നാളയെ എടുക്കുവെന്ന് രോഹിത് ശർമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പനിയെ തുടർന്ന് ഗില്ലിന് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായിരുന്നു. എങ്കിലും താരം ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്തിരുന്നു. വ്യാഴാഴ്ച ബാറ്റിങ് പരിശീലനത്തിനും ഗിൽ പങ്കെടുത്തിരുന്നു. ശിഖർ ധവാന് ശേഷം ഇന്ത്യൻ ഓപ്പണറായി ഗിൽ സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഈ വർഷം മാത്രമായി 20 ഏകദിനങ്ങളിൽ നിന്ന് 1,230 റൺസാണ് ഗിൽ സ്കോർ ചെയ്തത്. 72.35 എന്ന മികച്ച ശരാശരിയും 105 എന്ന മികച്ച സ്ട്രൈക്ക് റേറ്റും ഇന്ത്യൻ താരത്തിന് സ്വന്തമാണ്. ഈ വർഷം അഞ്ച് വീതം സെഞ്ചുറിയും അർദ്ധ സെഞ്ചുറിയും ഗിൽ സ്വന്തമാക്കി.
ഗില്ലിന്റെ അഭാവത്തിൽ ഇഷാൻ കിഷനാണ് ഇന്ത്യയുടെ ഓപ്പണിങ് റോളിലെത്തിയത്. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിൽ കിഷൻ 47 റൺസ് നേടി. ഗിൽ തിരിച്ചുവരുമ്പോൾ ആരാണ് പുറത്തിരിക്കുക എന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്.
Discussion about this post