മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ കോ ഇൻ ചാർജായി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്ക് ചുമതല നൽകി ബിജെപി. കേന്ദ്രമന്ത്രി കിരൺ റിജുജുവാണ് ‘ഇൻ ചാർജ്’. നാഗാലാൻഡ് ഉപമുഖ്യമന്ത്രി വൈ പാറ്റോണും കോ ഇൻ ചാർജാണ്. നവംബർ ഏഴിനാണ് മിസോറാമിൽ നിയമസഭാ തിരഞ്ഞെടുപ്പ്. മിസോറാമിൽ ഇന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബർ 20 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 21 ന് സൂക്ഷ്മ പരിശോധന നടത്തും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23 ആണ്. നവംബർ ഏഴിനാണ് വോട്ടെടുപ്പ്.
ഛത്തീസ്ഗഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബർ ഏഴിനും രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 17 നും ആണ്. തെലങ്കാനയിൽ നവംബർ 30, രാജസ്ഥാനിൽ നവംബർ 23, മധ്യപ്രദേശ് നവംബർ 17 എന്നീ തീയതികളിലാണ് വോട്ടെടുപ്പ് നടത്തുക.
മിസോറാം 40, രാജസ്ഥാനില്‍ 199, തെലങ്കാന 119, മധ്യപ്രദേശ് 230, ചത്തീസ്ഗഢ് 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ 7.8 കോടി വനിതാ വോട്ടര്‍മാരും 8.2 കോടി പുരുഷ വോട്ടര്‍മാരുമുണ്ട്. 16.14 കോടി വോട്ടര്‍മാരാണ് ആകെ വോട്ട് ചെയ്യുന്നത്. 60.2 ലക്ഷം കന്നിവോട്ടര്‍മാരാണ് ഉള്ളത്. 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് അഞ്ച് സംസ്ഥാനങ്ങളിലായി ഉള്ളത്. അതില്‍ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.
അഞ്ച് സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഈ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ കാലാവധി 2023 ഡിസംബറിനും 2024 ജനുവരിക്കും ഇടയിൽ അവസാനിക്കും. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് ആറ് മുതൽ എട്ട് ആഴ്ചകൾക്കുമുമ്പ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കാറുണ്ട്.
Discussion about this post