എല്ലാ ബന്ദികളെയും മോചിപ്പിക്കാതെ ഗാസമുനമ്പിലെ ഉപരോധത്തിൽ മാനുഷികമായ ഇളവ് അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. തടവിലാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ഒരു തുള്ളി വെള്ളവും ഒരിറ്റു വെളിച്ചവുമുണ്ടാകില്ലെന്ന് ഇസ്രയേൽ ഊർജമന്ത്രി പറഞ്ഞു. അതേസമയം വടക്കന്‍ ഗാസയിലേക്ക് ഇരച്ചുകയറാന്‍ തയ്യാറായി അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം തയ്യാറായി നിൽക്കുകയാണ്. ഇതിനിടെ, ഇസ്രയേലിലെ അഷ്കലോണിനെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റാക്രമണം ഉണ്ടായി. ഇതുവരെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നു. 13 ബന്ദികള്‍ കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തുവന്നതോടെ ശേഷിക്കുന്ന ബന്ദികളെ രക്ഷപ്പെടുത്താന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിവിധ രാജ്യക്കാരായ 150ലധികം പേരെയാണ് ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്നത്. കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികര്‍ വരെയുള്ള ബന്ദികളിൽ ആരൊക്കെ ജീവനോടെ ശേഷിക്കുന്നുവെന്ന് അറിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
വടക്കൻ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനുള്ളിൽ നാട് വിടാൻ നേരത്തെ ഇസ്രയേൽ സൈന്യം നിർദേശിച്ചിരുന്നു. നിർദേശം അവഗണിച്ച് മേഖലയിൽ തന്നെ തുടരണമെന്ന് ഹമാസും ആവശ്യപ്പെട്ടു.ലക്ഷക്കണക്കിന് മനുഷ്യരെ ഒറ്റയടിക്ക് ഒഴിപ്പിക്കാനുള്ള ഇസ്രയേൽ തീരുമാനത്തെ ഐക്യരാഷ്ട്ര സഭ വിമർശിച്ചിരുന്നു. ഇതോടെ പലരും പ്രാണരക്ഷാർത്ഥം വീടുവിട്ടു തുടങ്ങി. ആളുകളോട് നാടുവിടാന്‍ പറഞ്ഞശേഷം വടക്കന്‍ ഗാസയില്‍ ഉള്‍പ്പെടെ ആക്രമണം രൂക്ഷമാക്കാനാണ് ഇസ്രയേല്‍ നീക്കം. ‘ഓപ്പറേഷൻ അജയ്’ വഴി കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നീക്കം രാജ്യം തുടർന്നു വരികയാണ്
Discussion about this post