ലോകകപ്പിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ – പാകിസ്ഥാൻ ക്ലാഷിന് വേണ്ടിയാണ്. ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ വൈറൽ കളിലൊന്നിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഒക്ടോബർ 14ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. സ്റ്റേഡിയത്തില്‍ കളി കാണാന്‍ ആളില്ലാത്തതിന്‍റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന ബിസിസിഐയുടെ അഭിമാനപോരാട്ടം കൂടിയാണിത്. ഒരു ലക്ഷത്തി ഇരുപതിനായിരം കാണിളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അഹമ്മദാബാദിനെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യ-പാക് പോരാട്ടത്തിനായി നിറഞ്ഞു കവിയുമെന്നാണ് കരുതുന്നത്.
സ്റ്റേഡിയം മാത്രമല്ല, വിഐപി ഗ്യാലറിയിലും സൂപ്പര്‍ താരങ്ങളുടെ കൂട്ടയിടി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താരം തലൈവര്‍ രജനീകാന്ത് മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ‘തല’ ആയ നായകന്‍ എം എസ് ധോണിവരെയുള്ളവര്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിന്‍റെ ബിഗ് ബി ആയ അമിതാഭ് ബച്ചന്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരും മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തും. നേരത്തെ ചെന്നൈയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം കാണാനും ധോണിയെത്തിയിരുന്നു.
ഇതുവരെ 134 മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ 73 എണ്ണത്തില്‍ പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ ഇന്ത്യ ജയിച്ചത് 56 മത്സരങ്ങളില്‍. അഞ്ച് മത്സരങ്ങള്‍ ഫലമില്ലാതെ ഉപേക്ഷിച്ചു.എന്നാല്‍ ലോകകപ്പിലേക്ക് വരുമ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് മുമ്പില്‍ സമ്പൂര്‍ണ തോല്‍വിയാണ്. 1975ല്‍ തുടങ്ങിയ ഏകദിന ലോകകപ്പിലെ ആദ്യ മൂന്ന് പതിപ്പുകളിലും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ പോരാട്ടം ഉണ്ടായിരുന്നില്ല. 1992ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പിലാണ് ആദ്യമായി ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വന്നത്. പിന്നീട് 2019ലെ വരെയുള്ള ഏകദിന ലോകകപ്പില്‍ ഏഴു തവണ ഇരു ടീമും നേര്‍ക്കു നേര്‍വന്നു. ഏഴ് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
1992ല്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലറങ്ങിയ പാകിസ്ഥാന്‍ ലോകകപ്പ് നേടിയെങ്കിലും ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയോട് തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 216 റണ്‍സെ നേടിയുള്ളുവെങ്കിലും പാകിസ്ഥാന്‍ 173 റണ്‍സിന് ഓള്‍ ഔട്ടായി 43 റണ്‍സ് തോല്‍വി വഴങ്ങി.1996ല്‍ വസീം അക്രമിന്‍റെ നേതൃത്വത്തിലാണ് പാകിസ്ഥാന്‍ ലോകകപ്പിനെത്തിയത്. ബാംഗ്ലൂരില്‍ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അക്രത്തിന് പരിക്കുമൂലം കളിക്കാനാവാഞ്ഞതോടെ അമീര്‍ സൊഹൈലായിരുന്നു പാകിസ്ഥാനെ നയിച്ചത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 287 റണ്‍സടിച്ചപ്പോള്‍ പാകിസ്ഥാന്‍റെ മറുപടി 248-9ല്‍ ഒതുങ്ങി.
1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ പാകിസ്ഥാന്‍ ഫൈനലിലെത്തിയെങ്കിലും സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 227 റണ്‍സെ അടിച്ചുള്ളുവെങ്കിലും പാകിസ്ഥാന്‍ 180 റണ്‍സിന് ഓള്‍ ഔട്ടായി. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 273 റണ്‍സടിച്ചെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ ഇന്ത്യ 45.4 ഓവറില്‍ ലക്ഷ്യത്തിലെത്തി. 2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിനാല്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമുണ്ടായില്ല.
2011ല്‍ ഇന്ത്യ ചാമ്പ്യന്‍മാരായ ലോകകപ്പിന്‍റെ സെമിയിലായിരുന്നു ഇന്ത്യ-പാക് പോരാട്ടം നടന്നത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 260 റണ്‍സെടുത്തപ്പോള്‍ പാക് മറുപടി 231ല്‍ അവസാനിച്ചു. 2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പിലാകട്ടെ ഷാഹിദ് അഫ്രീദിയുടെ പാകിസ്ഥാനെതിരെ ഇന്ത്യ വമ്പന്‍ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറിയുടെ കരുത്തില്‍ 50 ഓവറില്‍ 300 റണ്‍സടിച്ചപ്പോള്‍ പാക് മറുപടി 224 റണ്‍സില്‍ അവസാനിച്ചു. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലാകട്ടെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറിയില്‍ 336 റണ്‍സടിച്ചപ്പോള്‍ സര്‍ഫ്രാസ് അഹമ്മദ് നയിച്ച പാകിസ്ഥാൻ 89 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങി. ഇതിഹാസ നായകന്‍മാരായ ഇമ്രാന്‍ ഖാനും വസീം അക്രമും ഷാഹിദ് അഫ്രീദിയുമെല്ലാം ശ്രമിച്ചിട്ടും ലോകകപ്പില്‍ ഇന്ത്യയെ വീഴ്ത്താനായിട്ടില്ലെന്ന റെക്കോര്‍ഡ് നാളെ ബാബര്‍ അസമിന് തിരുത്തിയെഴുതാനാവുമോ എന്നാണ് പാക് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഹമ്മദാബാദിലെ ഒരുലക്ഷത്തിലധികം കാണികളുടെ പിന്തുണയില്‍ ഇറങ്ങുന്ന ഇന്ത്യയെ വീഴ്ത്താനായാല്‍ അത് പാക് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടമാകും.
Discussion about this post