ടെൽ അവീവ്: ഗാസയ്ക്കുമേൽ അക്രമണം കൂടുതൽ കടുപ്പിക്കുമെന്ന സൂചന നൽകി നെതന്യാഹു. ഹമാസ് നടത്തിയ മിന്നലാക്രമണത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണത്തിന്റെ തുടക്കം മാത്രമാണ് ഗാസയിലെ ബോംബാക്രമണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘‘ഞങ്ങളുടെ ശത്രുക്കൾ അനുഭവിക്കാൻ തുടങ്ങിയിട്ടേ ഉള്ളു. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് എനിക്കു വെളിപ്പെടുത്താനാവില്ല. എന്നാൽ ഇത് തുടക്കം മാത്രമാണന്നു ഞാൻ നിങ്ങളോട് പറയുന്നു. ഞങ്ങൾ ഒരിക്കലും ക്ഷമിക്കുകയില്ല. ജൂതരുടെ മേൽ ചുമത്തിയ ഭീകരതകൾ മറക്കാൻ ലോകത്തെ അനുവദിക്കുകയില്ല. ഒരു പരിധിയുമില്ലാതെ ശത്രുക്കൾക്കെതിരെ പോരാടും’’–നെതന്യാഹു പറഞ്ഞു. പലസ്തീനിൽ ഇസ്രയേൽ സൈന്യം പരിശോധന നടത്തിയതിനു പിന്നാലെയാണു നെതന്യാഹുവിന്റെ പ്രതികരണം. 24 മണിക്കൂറിനുള്ളിൽ ഗാസ സിറ്റി വിടണമെന്നാണു പലസ്തീൻ ജനതയോട് ഇസ്രയേലിന്റെ ആഹ്വാനം.
ഗാസ– ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുമ്പോൾ, കരയാക്രമണ ഭീതിയിലാണു ഗാസയിലെ ജനത. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനു പിന്നാലെ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഇന്നലെ ഇസ്രയേലിലെത്തി. യുദ്ധം ഒഴിവാക്കാനുള്ള ചർച്ചകളുടെ ഭാഗമായി ഇന്നലെ അമ്മാനിൽ ജോർദാനിലെ അബ്ദുല്ല രാജാവുമായും പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ചർച്ച നടത്തിയ ആന്റണി ബ്ലിങ്കൻ ദോഹയിലെത്തി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനിയെ കണ്ടു. കൂടുതൽ ചർച്ചകൾക്കായി സൗദി അറേബ്യയും ബഹ്റൈനും സന്ദർശിക്കും. അമേരിക്കൻ പൗരന്മാർ അടക്കമുള്ള ബന്ദികളുടെ സുരക്ഷിത മോചനമാണു യുഎസിന്റെ പ്രധാനതാൽപര്യങ്ങളിലൊന്ന്
Discussion about this post