കോഴിക്കോട്: കോഴിക്കോട് വളയം പൂവ്വംവയൽ എൽ.പി സ്കൂളിലെ 12 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി കുട്ടികളെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ശനിയാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടത്.
ബസ് ഡ്രൈവർ, പാചകതൊഴിലാളി, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ 14 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്ക് ഉച്ചയോടെയാണ് പനിയും ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായത്. വീടുകളിൽ നിന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ഇവരെ വളയത്തുളള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പന്ത്രണ്ട് കുട്ടികളും സമാന രീതിയിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാലാണ് ,സ്കൂളിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന നിഗമനത്തിലെത്തിയത്. സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ കൂട്ടുകറി കഴിച്ച വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ പ്രശ്നമുണ്ടായിരിക്കുന്നത്. കുട്ടികളുടെ രക്തപരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു. കുട്ടികൾ ചികിത്സയിൽ തുടരുകയാണ്
Discussion about this post