ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച, ഇന്ത്യയുടെ മുൻരാഷ്ട്രപതി എപിജെ അബ്ദുള്കലാമിന് ഇന്ന് 92-ാം ജന്മദിനം. വിദ്യാഭാസ മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ മാനിച് ഒക്ടോബർ 15 ലോകവിദ്യാർത്ഥി ദിനമായി കണക്കാക്കുന്നു.
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം, ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലും (DRDO), ഐഎസ്ആർഒ യിലും ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്ന അബ്ദുള്കലാം മിസ്സൈൽ സാങ്കേതികവിദ്യയിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈൽമാൻ ‘ എന്ന് അറിയപ്പെടുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും സൂത്രധാരനും അബ്ദുൾകലാം ആയിരുന്നു. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിലെ ബുദ്ധികേന്ദ്രവും അബ്ദുൾകലാം ആയിരുന്നു
2002-ൽ അടൽബിഹാരി വാജ്‌പേയ് നേതൃത്വം നൽകിയ ഭാരതീയ ജനതാ പാർട്ടി സർക്കാരിന്റെയും, പ്രധാന പ്രതിപക്ഷ കക്ഷിയായിരുന്ന കോൺഗ്രസ്സ് ന്റെയും പിന്തുണയോടെ അബ്ദുൾകലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്‌ട്രപതി കാലാവധി അവസാനിച്ചതിന് ശേഷം അദ്ധ്യാപക ജീവിതത്തിലേക്ക് മടങ്ങിയ അദ്ദേഹം വിദ്യാഭാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യൻ വിദ്യാർത്ഥികളിൽ പ്രതീക്ഷ വെച്ചു പുലർത്തിയ അദ്ദേഹം അവരെ സ്വപ്നം കാണാൻ പഠിപ്പിച്ചു. 2020 ഓടെ വികസിതഭാരതം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും മാർഗദർശനങ്ങളും അവതരിപ്പിച്ചു.
വിദ്യാർത്ഥികളുടെ സ്വഭാവം രൂപീകരിക്കുന്നതിലും, അവരിൽ മൂല്യബോധം വളർത്തിയെടുക്കുന്നതിലും അധ്യാപകരുടെ പങ്ക് സുപ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഇന്ത്യയുടെ ഭാവി യുവാക്കളിൽ ആണെന്ന് അടിയുറച്ചു വിശ്വസിച്ച കലാം കലാലയങ്ങളും, സ്കൂളുകളും സന്ദർശിച്ചു അവരോട് സംവദിക്കുന്നത് പതിവായിരുന്നു. പരാജയം വിജയത്തിന്റെ തുടക്കം മാത്രമാണെന്നും, പരിശ്രമം ഒരിക്കലും ഉപേക്ഷിക്കരുതെന്നും വിദ്യാർത്ഥികളെ അദ്ദേഹം നിരന്തരം ഓർമ്മപ്പെടുത്തി.
2015 ജൂലൈ 27 ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം
Discussion about this post