മുംബൈ: 2028 ലെ ലോസ് ഏഞ്ചൽസ് ഗെയിമുകളിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം. മുംബൈയിൽ ചേർന്ന യോഗത്തിൽ ആണ് കമ്മിറ്റി അംഗീകാരം നൽകിയത് .
ക്രിക്കറ്റ് (ടി20), ബേസ്ബോൾ/സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ് (സിക്സുകൾ), സ്ക്വാഷ് എന്നിവ ഉൾപ്പെടുത്തുന്നതിന് ഒളിമ്പിക്സ് കമ്മിറ്റി ഔപചാരികമായ അംഗീകാരം നൽകി. രണ്ട് ഐഒസി അംഗങ്ങൾ ഇതിനെ എതിർക്കുകയും ഒരാൾ വോട്ടിംഗിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തുവെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി
അഞ്ച് പുതിയ കായിക ഇനങ്ങളെ പ്രോഗ്രാമിൽ ഉൾപ്പെടുത്താനുള്ള ലോസ് ഏഞ്ചൽസ് -2028 ഒളിമ്പിക് ഗെയിംസിന്റെ സംഘാടക സമിതി നിർദേശം, ഒളിമ്പിക്സ് കമ്മിറ്റി അംഗീകരിച്ച തായും, ബേസ്ബോൾ/സോഫ്റ്റ്ബോൾ, ക്രിക്കറ്റ് (ടി20), ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ് (സിക്സുകൾ),സ്ക്വാഷ് എന്നിവ 2028 ഒളിമ്പിക്സിൽ ഉണ്ടായിരിക്കുമെന്നും ഒളിമ്പിക്സ് കമ്മിറ്റി ട്വീറ്റ് ചെയ്തു.
“1.4 ബില്യൺ ഇന്ത്യക്കാർക്ക്, ക്രിക്കറ്റ് ഒരു കായിക വിനോദമല്ല, ഇതൊരു മതമാണ്! അതിനാൽ ഈ ചരിത്രപരമായ പ്രമേയത്തിൽ ഞാൻ സന്തോഷിക്കുന്നു. നമ്മുടെ രാജ്യത്ത് മുംബൈയിൽ നടക്കുന്ന 141-ാമത് ഐഒസി സെഷനിൽ നിർദേശം അംഗീകരിക്കപ്പെട്ടു .ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത്, ക്രിക്കറ്റിന്റെ വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ജനപ്രീതിക്ക് ഉത്തേജനം നൽകും .” ഒളിമ്പിക് ഗെയിംസിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് ഐഒസി അംഗവും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ നിത അംബാനി അഭിപ്രായപ്പെട്ടു

