തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിപ്പോയതടക്കമുള്ള ബിവറേജസ് ഷോപ്പുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും പുതിയ ബിവറേജുകൾ തൽക്കാലം തുറക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുന്നതിനാലാണ് പുതിയ ഷോപ്പുകൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബെവ്കോ എത്തിയത്.
പൂട്ടിപ്പോയ 68 ഷോപ്പുകളും പുതിയ 175 ഷോപ്പുകളും ആരംഭിക്കാൻ ബെവ്കോയ്ക്ക് കഴിഞ്ഞവർഷം സർക്കാർ അനുമതി നൽകിയിരുന്നു. ഇതിൽ ഏഴെണ്ണം തുറക്കുകയും ചെയ്ത ശേഷമാണ് തൽക്കാലം കൂടുതൽ ഷോപ്പുകൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബെവ്കോ എത്തിയത്. കൂടുതൽ ഷോപ്പുകൾ ആരംഭിക്കുമ്പോൾ പ്രദേശവാസികളുടെ ഭാഗത്ത് നിന്നും എതിർപ്പുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരമൊരു സാഹചര്യമുണ്ടായാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് സാധ്യതയുണ്ട്. ഇതോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ പുതിയ ഷോപ്പുകൾ ആരംഭിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബെവ്കോ എത്തിയത്.
മദ്യനയവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് പൂട്ടിപ്പോയ 68 മദ്യഷോപ്പുകൾ പുനഃസ്ഥാപിക്കാനും 175 പുതിയ ഷോപ്പുകൾ ആവശ്യാനുസരം ആരംഭിക്കാനുമാണ് 2022 മേയിൽ പിണറായി വിജയൻ സർക്കാർ അനുമതി നൽകിയത്. ബെവ്കോ ഏഴെണ്ണം തുറന്നപ്പോൾ കൺസ്യൂമർഫെഡ് അഞ്ച് ഷോപ്പുകളാണ് തുറന്നത്. പുതിയ പത്ത് ഷോപ്പുകൾ തുറക്കുന്നതിനായി ബെവ്കോ സ്ഥലം കണ്ടെത്തുന്നത് തുടരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ ബിവറേജുകൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്. പൂട്ടിപ്പോയത് ഉൾപ്പെടെയുള്ള പുതിയ ഷോപ്പുകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ ബാറുടമകളുടെ ഭാഗത്ത് നിന്നും എതിർപ്പുയരുന്നുണ്ട്. ഇത്തവണത്തെ മദ്യനയത്തിൽ ലൈസൻസ് ഫീസ് അഞ്ചുലക്ഷമായി ഉയർത്തിയ് ബാറുടമകളുടെ എതിർപ്പിന് കാരണമായിരുന്നു. സംസ്ഥാനത്ത് 559 ചില്ലറ വിൽപന ഷോപ്പുകൾക്ക് അനുമതിയുണ്ടെങ്കിലും 309 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നാണ് ഇത്തവണത്തെ മദ്യനയം വ്യക്തമാക്കിക്കൊണ്ട് എക്സൈസ് മന്ത്രി കഴിഞ്ഞ ജൂലൈയിൽ പറഞ്ഞത്. ബാക്കിയുള്ള ഷോപ്പുകൾ പ്രവർത്തനം ആരംഭിക്കുന്നതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തൽക്കാലം പുതിയ ബിവറേജുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

