ഡൽഹി: മൊബൈൽ ഫോൺ കയറ്റുമതിയിൽ കുതിച്ചുചാട്ടം നടത്തി ഇന്ത്യ. ഐസിഇഎയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി ഇരട്ടിയിലധികമായി, 2022-23 സാമ്പത്തിക വർഷത്തിൽ 90,000 കോടിയുടെ (ഏകദേശം 11.12 ബില്യൺ യുഎസ് ഡോളർ) മൊബൈൽ ഫോണുകളാണ് ഇന്ത്യ കയറ്റിഅയച്ചത്, മുൻ സാമ്പത്തിക വർഷത്തിലെ 45,000 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടി വർധനവാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. കയറ്റുമതിയിൽ അൻപത് ശതമാനവും ആപ്പിൾ ഫോണുകളാണ്.
കയറ്റുമതിയിൽ പ്രകടമാവുന്ന കുതിച്ചുചാട്ടം, ഇന്ത്യൻ നിർമ്മിത മൊബൈൽ ഫോണുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ പ്രതിഫലിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നു. മൊബൈൽ ഫോൺ കയറ്റുമതിയിലെ വളർച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ,വൻതോതിൽ വിദേശ നാണ്യം സംഭവനചെയ്യുന്നതോടൊപ്പം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. രാജ്യത്തിന്റെ ജിഡിപി വളർച്ചയ്ക്ക് കാര്യമായ സംഭാവനയും മൊബൈൽ കയറ്റുമതി നൽകുന്നുണ്ട്. ഇലക്‌ട്രോണിക്‌സ് നിർമ്മാണത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന കഴിവിന്റെ തെളിവാണ് മൊബൈൽ കയറ്റുമതിയിലെ വർദ്ധനവ്. ആപ്പിൾ, സാംസങ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ,പ്രീയപ്പെട്ട മാനുഫാക്ചറിംഗ് ബേസ് ആയി ഇന്ത്യ മാറുന്നതിന്റെ സൂചനകൂടിയാണിത്.
ഇന്ത്യയിൽ മൊബൈൽ ഫോൺ നിർമ്മിക്കുന്ന കമ്പനികൾക്ക് സാമ്പത്തിക പ്രോത്സാഹനം നൽകുന്ന കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയും കയറ്റുമതി വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു
2025-26 ഓടെ 300 ബില്യൺ യുഎസ് ഡോളറിന്റെ ഇലക്ട്രോണിക്സ് നിർമ്മാണം കൈവരിക്കാൻ ലക്ഷ്യമിട്ട് ഇലക്ട്രോണിക്സ് നിർമ്മാണ മേഖല മെച്ചപ്പെടുത്തുന്നതിന് ഇന്ത്യൻ ഗവൺമെന്റ് ബൃഹത്തായ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട് .120 ബില്യൺ ഡോളർ കയറ്റുമതി ഇതുവഴി പ്രതീക്ഷിക്കുന്നു, 2025-26 ഓടെ മാത്രം 50 ബില്യൺ ഡോളർ മൊബൈൽ ഫോൺ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ഇന്ത്യയെ ആഗോള ഉൽപ്പാദന കേന്ദ്രമായി ഉയർത്തുന്നതിനുള്ള പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Discussion about this post