തൃശൂര്‍: സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന പരാതിയെത്തുടര്‍ന്ന് പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡിയുടെ റെയ്ഡ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ഇ ഡി സംഘം പരിശോധന നടത്തിയത്.
ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി യുടെ പരിശോധന. 2016 മുതലുള്ള റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടും പരസ്യ ഇടപാടുകളിലും ക്രമക്കേടുകൾ നടന്നുവെന്നാണ് പരാതി. പാലിയേക്കര ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെതിരെ ഉയർന്ന പരാതിയിൽ അന്വേഷണം നടത്തിയ സിബിഐ, ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു .റോഡ് നിർമാണത്തിൽ പാലിക്കേണ്ട യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് റോഡ് പണിനടത്തിയതെന്നും സിബിഐ കണ്ടെത്തിയിരുന്നു. സിബിഐ തയ്യാറാക്കിയ എഫ്ഐആറിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇ.ഡി റെയ്ഡ്.
ജീവനക്കാരുടെ ഭാഗത്തുനിന്നും സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട്, കമ്പനിയുടെ സാമ്പത്തിക ഇടപാടപാടുകൾ തുടങ്ങിയവ ഇ.ഡി. പരിശോധിച്ചുവരുകയാണ്. അതേസമയം റെയ്ഡിനെക്കുറിച്ച് ടോൾ പ്ലാസ അതികൃതരോ ദേശീയപാത അതോറിറ്റിയോ പ്രതികരിച്ചിട്ടില്ല

