ലോക്സഭയിൽ ചോദ്യം ചോദിക്കാൻ മഹുവ മൊയിത്ര കൈക്കൂലി വാങ്ങിയെന്ന വാർത്ത, ബിജെപിക്ക് പിന്നാലെ അദാനി ഗ്രൂപ്പും മഹുവ മൊയിത്ര എംപിക്കെതിരെ രംഗത്തെത്തി. വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും, ചില വ്യക്തികളും സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. വിഷയത്തിൽ ബിജെപി നേതാക്കൾ എംപിക്കെതിരെ രൂക്ഷ വിമർശനവും നടപടിയും ആവശ്യപ്പെട്ടിരിക്കെയാണ് അദാനി ഗ്രൂപ്പും പരസ്യ പ്രസ്താവന ഇറക്കിയത്. വ്യവസായി ദർശൻ ഹിരാണ്‍ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങി വ്യവസായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചോദ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചുവെന്നാണ് മഹുവ മൊയിത്രക്കെതിരെ ബിജെപി ആരോപണം.
കേന്ദ്രസർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിൻറെ നിഴലിൽ നിർത്തി ചോദ്യങ്ങൾ ചോദിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് രണ്ട് കോടിയോളം രൂപ മഹുവ കൈപ്പറ്റി, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും, ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് മഹുവക്ക് നൽകിയെന്നും ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർക്ക് പരാതി നല്‍കി ആരോപിച്ചു. കോഴ ആരോപണ പരാതിയിൽ ലോക്സഭാ സെക്രട്ടേറിയേറ്റിന്റെ തീരുമാനം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംപിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ ആനന്ദ് ദെഹദ്രായ് സിബിഐക്ക് പരാതി നൽകി.
ഹിരാ നന്ദാനി ഗ്രൂപ്പുമായുള്ള മഹുവ മൊയിത്രയുടെ ബന്ധം വ്യക്തമാക്കുന്ന രേഖകൾ കൈമാറിയെന്നാണ് വിവരം. ആനന്ദ് ദെഹദ്രായാണ് മഹുവയ്ക്കെതിരായ വിവരങ്ങൾ നിഷികാന്ത് ദുബൈ എംപിക്കും കൈമാറിയത്.
പാർലമെന്റിൽ പലപ്പോഴും ഭരണകക്ഷിയെ ചോദ്യങ്ങളുടെ മുൾമുനയിൽ നിർത്തിയിട്ടുള്ള തൃണമൂൽ കോൺഗ്രസ് എംപിയാണ് മഹുവ മോയ്ത്ര. തനിക്കെതിരെ പരാതി നൽകിയ നിഷികാന്ത് ദുബൈ വ്യാജ സത്യവാങ്മൂലം നൽകിയതിൽ ആദ്യം അന്വേഷണം നടക്കട്ടെയെന്നാണ് മഹുവ മൊയിത്ര ഇന്ന് ട്വീറ്റ് ചെയ്തത്.
Discussion about this post