ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യത മാനദണ്ഡം പാലിച്ചുകൊണ്ട് മാത്രമേ പുനര്‍നിയമനം നടത്താന്‍ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. പുനര്‍നിയമനം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികള്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റി.
കണ്ണൂര്‍ സര്‍വ്വകലാശാല നിയമ പ്രകാരം 60 വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കാൻ സാധിക്കില്ല. എന്നാല്‍ ഈ ചട്ടം പുനര്‍നിയമനത്തിന് ബാധകമല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കോടതിയില്‍ ഇക്കാര്യം ഉന്നയിച്ച പ്പോഴാണ് പുനര്‍നിയമനത്തിനും ചട്ട പ്രകാരമുള്ള യോഗ്യത മാനദണ്ഡം പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
പുനര്‍നിയമനത്തിന് യോഗ്യത മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കാന്‍ കഴിയുമോ എന്ന് ചാന്‍സലറായ ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനോട് സുപ്രീംകോടതി ചോദിച്ചു. എന്നാൽ ചട്ട പ്രകാരമുള്ള ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണി കോടതിയെ അറിയിച്ചത്. തുടര്‍ന്ന് എല്ലാ കക്ഷികളുടെയും വാദം കേട്ട കോടതി ഹര്‍ജികള്‍ വിധി പറയാനായി മാറ്റി.
ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യംചെയ്ത് ഇക്കാര്യം സുപ്രീംകോടതിയെ സമീപിച്ചത്, കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോക്ടര്‍ പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ്. ഇരുവര്‍ക്കും വേണ്ടി സീനിയര്‍ അഭിഭാഷകന് ദാമ ശേഷാദ്രി നായിഡു, അഭിഭാഷകന് അതുല്‍ ശങ്കര്‍ വിനോദ് എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ എന്നിവര്‍ ഹാജരായി. സീനിയര്‍ അഭിഭാഷകന് ബസവപ്രഭു പാട്ടീല്‍ വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന് വേണ്ടി ഹാജരായി.
Discussion about this post