വിയറ്റ്നാം : സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ അത്യാധുനിക സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കാനുള്ള കഴിവ് ഇന്ത്യയെ ആഗോളതലത്തിൽ വ്യത്യസ്തമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാഹചര്യങ്ങളിൽ മഹാത്മാഗാന്ധിയുടെ മൂല്യങ്ങളുടെയും, വിശ്വാസങ്ങളുടെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി .
ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള , ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള വേദിയായി ഹനോയിയിൽ നടന്ന പരിപാടി മാറി .വിയറ്റ്നാമിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ച അദ്ദേഹം ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടി . ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം വിശദീകരിച്ച ജയശങ്കർ, ഇന്ത്യയുടെ ആഗോള വ്യാപനം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രവാസികൾ വഹിച്ച പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സാംസ്കാരിക വിനിമയവും, സാമ്പത്തിക സഹകരണവും വളർത്തുന്നതിൽ ഇന്ത്യൻ പ്രവാസികൾ നിർണായക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്സ്, വിദ്യാഭ്യാസം, സംസ്കാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ പ്രവാസികളുടെ സംഭാവനകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. ജയശങ്കർ അഭിപ്രായപ്പെട്ടു.
‘ഇന്ത്യയുടെ ഭാവി എന്താണ്’ എന്ന ചോദ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ജയശങ്കർ പ്രസംഗം ആരംഭിച്ചത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ വിയറ്റ്നാമിലെ ഇന്ത്യൻ സമൂഹം വഹിച്ച പങ്കിനെക്കുറിച്ച് അദ്ദേഹം വിശദമാക്കി. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റി- കമ്യുണിസ്റ്റ് പാർട്ടി സെക്രട്ടറി എൻഗുയെൻ വാൻ നെനുമായി കൂടിക്കാഴ്ച നടത്തുകയും, ഇന്ത്യ-വിയറ്റ്നാം പങ്കാളിത്തത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു.
വിയറ്റ്നാം വിദേശകാര്യമന്ത്രി ബുയി തൻ സോണിന്റെ ക്ഷണപ്രകാരമാണ് വിയറ്റ്‌നാമിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി ഔദ്യോഗിക സന്ദർശനം നടത്തുന്നത്. വിയറ്റ്നാമിലെ ബാക് നിൻ പ്രവിശ്യയിൽ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയും എസ് ജയശങ്കർ അനാച്ഛാദനം ചെയ്തു
Discussion about this post