ലോകകപ്പില്‍ നാലാം ജയം തേടി ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പൂനെയിലെ പിച്ച് സ്പിന്നര്‍മാരെ സഹായിക്കുന്നതാണ് ചരിത്രമെങ്കിലും ലോകകപ്പിനായി ഫ്ലാറ്റ് വിക്കറ്റാണ് തയാറാക്കിയിരിക്കുന്നത്.ഈ ലോകകപ്പില്‍ ആദ്യ മത്സരത്തിനാണ് പൂനെ വ്യാഴാഴ്ച വേദിയാവുന്നത്. 2021ലാണ് പൂനെയില്‍ അവസാനം ഏകദിന മത്സരം നടന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ആ മത്സരത്തില്‍ രണ്ട് ടീമുകളും വലിയ സ്കോര്‍ നേടിയെങ്കിലും ഏഴ് റണ്‍സിന് ഇന്ത്യ ജയിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ശിഖര്‍ ധവാനും റിഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും അര്‍ധസെഞ്ചുറികള്‍ നേടി. 48.5 ഓവറില്‍ ഇന്ത്യ 329 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ടിന് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ക്രുനാല്‍ പാണ്ഡ്യ മാത്രമാണ് ആ മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ സ്പിന്നറായി ഇറങ്ങിയത്. ഷാര്‍ദ്ദുല്‍ താക്കൂര്‍ നാലും ഭുവനേശ്വര്‍ കുമാര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോള്‍ സ്പിന്നറായ ക്രുനാലിന് വിക്കറ്റൊന്നും ലഭിച്ചില്ല.
ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് നിരയില്‍ കാര്യമായ അഴിച്ചുപണിക്ക് ഇന്ത്യ മുതിര്‍ന്നേക്കില്ല. പാകിസ്ഥാനെതിരെ ശ്രേയസ് അയ്യര്‍ കൂടി ഫോമിലായതിനാല്‍ സൂര്യകുമാര്‍ യാദവ് ബെഞ്ചിലിരിക്കേണ്ടിവരും.ബാറ്റിംഗില്‍ മാാറ്റങ്ങളുണ്ടാവില്ലെങ്കിലും ബൗളിംഗില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. രവീന്ദ്ര ജഡേജ-കുല്‍ദീപ് യാദവ് സഖ്യം തന്നെയായിരിക്കും ബംഗ്ലാദേശിനെതിരെയും സ്പിന്‍ ആക്രമണം നയിക്കുക. മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങാനുള്ള സാധ്യത വിരളമാണെന്നിരിക്കെ അശ്വിന് പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാനുള്ള സാധ്യത കുറവാണ്. പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് സൂചനയുണ്ട്.
ബുമ്രയില്ലെങ്കില്‍ മുഹമ്മദ് ഷമിയാവും പ്ലേയിംഗ് ഇലവനിലെത്തുക. പാകിസ്ഥാനെതിരെ രണ്ടോവര്‍ മാത്രമെ എറിയേണ്ടിവന്നുള്ളുവെങ്കിലും മൂന്നാം പേസറായി ഷാര്‍ദ്ദുല്‍ താക്കൂര്‍ ടീമില്‍ തുടര്‍ന്നേക്കും. ഷമി, സിറാജ്, ഷാര്‍ദ്ദുല്‍, എന്നിവര്‍ക്കൊപ്പം ഹാര്‍ദ്ദിക്, ജഡേജ, കുല്‍ദീപ് എന്നിവരായിരിക്കും ഇന്ത്യയുടെ ബൗളിംഗ് നിരയിലുണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനെതിരെ ടീമില്‍ തിരിച്ചെച്ചി ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ കോലി മൂന്നാമതും ശ്രേയസ് നാലാമതുമെത്തും. രാഹുല്‍ ഹാര്‍ദ്ദിക്, ജഡേജ എന്നിവരാകും തുടര്‍ന്ന് എത്തുക.
Discussion about this post