കൊച്ചി: പൂക്കളും ഇലകളും വെച്ച് അലങ്കരിച്ച വാഹനങ്ങളുമായി ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ വാഹനങ്ങള്‍ അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് അടുത്തമാസം തുടക്കം കുറിക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പുഷ്പാലങ്കരങ്ങളോടെയാണ് എത്താറുള്ളത്. പ്രധാന ഇടത്താവളങ്ങളില്‍ പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസുകളും വലിയ രീതിയില്‍ അലങ്കരിച്ചാണ് സര്‍വീസ് നടത്താറുള്ളത്. ഇത്തരത്തില്‍ യാതൊരു വിധ അലങ്കാരങ്ങളും വാഹനങ്ങളില്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ സര്‍ക്കാര്‍ ബോര്‍ഡ് വെച്ച് വരുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കെ.എസ്.ആർ.ടി സി ബസുകളിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അലങ്കാരങ്ങൾ പാടില്ല. ബേസ് മെഡിക്കൽ ക്യാമ്പ് ജനറൽ ആശുപത്രിയിൽ നിന്നും മാറ്റാനുള്ള ശുപാർശയിൽ തീരുമാനമെടുക്കാൻ ഹെൽത്ത് സർവീസ് ഡയറക്ടർക്ക് നിർദേശം നൽകി. ഒരു ഓഫ് റോഡ് ആംബുലൻസുൾപ്പെടെ രണ്ട് ആംബുലൻസ് സന്നിധാനത്തും ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
Discussion about this post