തിരുവനന്തപുരം : മാധ്യമപ്രവർത്തകരോട് തെണ്ടാൻ പോകാൻ ഉപദേശിച്ച മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ദത്തനെ പുറത്താക്കണമെന്ന് പ്രസ്സ് ക്ലബ്ബ്. ഇത്തരം പരാമർശം കേരളത്തിന് അപമാനമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് കുറ്റപ്പെടുത്തി. പരാമർശം പിൻവലിച്ച് മാധ്യമ സമൂഹത്തോട് മാപ്പ് പറയാൻ ദത്തൻ തയ്യാറാകണമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ ഉപരോധം കാരണം സെക്രട്ടറിയേറ്റിൽ കടക്കാനാവാതെ തെരുവിലൂടെ നടന്ന ദത്തനോട് പ്രതികരണം ചോദിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരോട് പണിയൊന്നുമില്ലെങ്കിൽ തെണ്ടാൻ പോകാൻ ദത്തൻ ഉപദേശിച്ചത്. റിട്ടയർ ചെയ്തതിനുശേഷം യുവാക്കളുടെ തൊഴിലവസരങ്ങൾ തട്ടിയെടുത്തും ചില നേതാക്കളുടെ പാദസേവ ചെയ്തും ഉപദേഷ്ടാവായി ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ദത്തനാണ്, മാന്യമായി മാധ്യമപ്രവർത്തനം നടത്തുന്നവരോട് തെണ്ടാൻ പോകണമെന്ന് പറയുന്നത്. ഇത്തരമൊരാളിൽ നിന്നും ഉപദേശം സ്വീകരിക്കുന്ന മുഖ്യമന്ത്രി അപകടത്തിൽ ചെന്ന് ചാടുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
Discussion about this post