ന്യൂഡല്‍ഹി: മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിന്റെ മേധാവികള്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി കെ മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്തയും എച്ച്ആര്‍ മാനേജര്‍ അമിത് ചക്രബര്‍ത്തിയുമാണ് ഹര്‍ജിക്കാര്‍. ഇരുവരുടെയും അറസ്റ്റും റിമാന്‍ഡും ശരിവെച്ച ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്നതാണ് അപ്പീല്‍. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ദേവദത്ത് കാമത്ത് എന്നിവര്‍ ഹാജരാകും. അറസ്റ്റിന്റെ കാരണം എഴുതി നല്‍കണമെന്ന സുപ്രിംകോടതി വിധി യുഎപിഎ കേസുകളില്‍ ബാധകമല്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഡല്‍ഹി പൊലീസ് നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് വിധിയില്‍ പറഞ്ഞത്. ഇത് പങ്കജ് ബന്‍സല്‍ കേസിലെ സുപ്രിംകോടതി വിധിക്ക് എതിരാണെന്നാണ് ഹര്‍ജിക്കാരുടെ ആക്ഷേപം.
ചൈനീസ് അനുകൂല പ്രചാരണത്തിനായി പണം വാങ്ങിയെന്ന കുറ്റം ചുമത്തിയാണ് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ പ്രബീര്‍ പുരകായസ്തയ്ക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്തതിന് ശേഷം ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചൈനീസ് അനുകൂല പ്രചാരണം നടത്തുന്നതിനായി വിദേശഫണ്ട് കൈപ്പറ്റിയെന്നാണ് കേസ്.
നേരത്തെ ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകര്‍ താമസിക്കുന്ന മുപ്പതോളം ഇടങ്ങളില്‍ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ബുധനാഴ്ച പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു.
ചൈനീസ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ സ്വതന്ത്ര മാധ്യമ സ്ഥാപനമാണ്. പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ പൊതുമധ്യത്തിലുണ്ട്. ചൈനീസ് താല്‍പര്യമുള്ള ലേഖനമോ, വീഡിയോയൊ പൊലീസിന് ചൂണ്ടിക്കാട്ടാനായിട്ടില്ലെന്നായിരുന്നു ന്യൂസ് ക്ലിക്ക് അധികൃതരുടെ നിലപാട്.
എഫ്ഐആറിന്റെ പകര്‍പ്പോ, കേസുമായി ബന്ധപ്പെട്ട വിവരങ്ങളോ പൊലീസ് നല്‍കിയിട്ടില്ല. ഫണ്ടുകള്‍ ബാങ്കുവഴിയാണ് സ്വീകരിക്കുന്നത്. നിയമപരമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. നടപടികള്‍ പാലിക്കാതെയാണ് ലാപ്ടോപ്പുകള്‍ അടക്കം പിടിച്ചെടുത്തതെന്നും ന്യൂസ് ക്ലിക്ക് പറഞ്ഞിരുന്നു.
Discussion about this post