പിക്‌സല്‍ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ഗൂഗിള്‍. പിക്‌സല്‍ 8 സ്മാര്‍ട്‌ഫോണുകളാണ് ഇന്ത്യയില്‍ നിര്‍മിക്കാൻ പോകുന്നത്. 2024-ല്‍ ഇവ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഈ മാസം ആദ്യമാണ് ഗൂഗിള്‍ പിക്‌സല്‍ 8 സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയിലും മറ്റ് വിപണികളിലുമായി അവതരിപ്പിച്ചത്. ആദ്യമായാണ് ഗൂഗിള്‍ ഒരു പിക്‌സല്‍ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തുന്നത്.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യ പിക്‌സല്‍ ഫോണ്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയില്‍ നേരത്തെ ചില മോഡലുകള്‍ അവതരിപ്പിക്കാതെ ഒഴിവാക്കുക പോലും ചെയ്തിട്ടുണ്ട് ഗൂഗിള്‍. പിക്‌സല്‍ 8 നിര്‍മാണത്തിനായി ഇന്ത്യന്‍ കരാര്‍ നിര്‍മാണക്കമ്പനികളേയും ഇന്ത്യയില്‍ ഫാക്ടറികളുള്ള വിദേശ കമ്പനികളെയും ഗൂഗിള്‍ ആശ്രയിച്ചേക്കുമെന്നാണ് വിവരം. എതിരാളികളായ സാംസങും, ആപ്പിളും ഇന്ത്യൻ വിപണിയിൽ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.
വിദേശ കമ്പനികൾക്ക് ഇന്ത്യയില്‍ ഉത്പാദനം നടത്തുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുകയും വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും അവർക്ക് മതിയായ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ വെച്ച് നിര്‍മാണം ആരംഭിക്കുമ്പോള്‍ പിക്‌സല്‍ ഫോണുകളുടെ വില കുറയുമോ എന്നതില്‍ വ്യക്തതയില്ല. എഫ്1 ഇന്‍ഫോ സൊലൂഷന്‍സിനാണ് ഇതിന്റെ വിതരണ ചുമതല. ഇന്ത്യയില്‍ തന്നെ കൂടുതൽ പ്രദേശങ്ങളിലേക്ക് സര്‍വീസ് സെന്ററുകളുടെ സേവനം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 27 നഗരങ്ങളിലായി 28 സര്‍വീസ് സെന്ററുകളാണ് ഇപ്പോള്‍ ഗൂഗിളിനുള്ളത്.
Discussion about this post