ഇസ്രയേൽ ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണ്. യുദ്ധത്തെക്കുറിച്ചല്ല യുദ്ധത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത മറ്റൊരു സംഗതിയെക്കുറിച്ചാണ് പറയാനുള്ളത്.ഇസ്രായേല്‍ പൊലീസിന് കേരളവുമായി വളരെ അടുത്ത ബന്ധമുണ്ട്. അതായത് ഇസ്രായേല്‍ പൊലീസ് സേന ധരിക്കുന്ന യൂണിഫോം തയ്യാറാക്കുന്നത് നമ്മുടെ കണ്ണൂരിലെ സ്ത്രീകളായ തയ്യല്‍ തൊഴിലാളികളാണ്. കണ്ണൂരിലെ ‘മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിലുള്ള വസ്ത്രനിർമാണ കമ്പനിയാണ് ഇസ്രായേല്‍ സേനയ്ക്കുള്ള യൂണിഫോം തയ്യാറാക്കുന്നത്.
കഴിഞ്ഞ എട്ട് വർഷമായി കണ്ണൂരിലെ ഈ സ്ഥാപനത്തില്‍ നിന്നും ഇസ്രായേല്‍ പൊലീസിനുള്ള യൂണിഫോം കയറ്റി അയക്കുന്നു. മുംബൈയിൽ താമസിക്കുന്ന തോമസ് ഓലിക്കൽ എന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയില്‍ നിന്നും എല്ലാ വർഷവും ഒരു ലക്ഷം യൂണിഫോമാണ് തയ്യാറാക്കുന്നത്. ഗുണനിലവാര പരിശോധനയ്ക്കായി ഇസ്രായേൽ പോലീസ് ഉദ്യോഗസ്ഥർ വർഷത്തില്‍ ഒരിക്കല്‍ കണ്ണൂരിലെ സ്ഥാപനത്തില്‍ എത്താറുമുണ്ട്. നേരത്തെ ഫിലിപ്പിയൻ ആർമിക്കും കുവൈറ്റിലെ സർക്കാർ ഉദ്യോഗസ്ഥർക്കും മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ് യൂണിഫോം തയ്യാറാക്കിയിരുന്നു. ഇതുവഴിയാണ് ഇസ്രായേല്‍ സേനയ്ക്കുള്ള ഓഡറും കണ്ണൂരിലേക്ക് എത്തുന്നത്. കേരളത്തില്‍ വന്ന് ഫാക്ടറി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നത് അടക്കുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് ഇസ്രായേല്‍ കരാറില്‍ ഒപ്പിടാന്‍ തയ്യാറായത്.
കണ്ണൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള കിൻഫ്ര പാർക്കിൽ 2006 ലാണ് മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ, പോലീസ് ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ, ആരോഗ്യ സേവന പ്രവർത്തകർ എന്നിവർക്ക് പുറമെ സ്കൂൾ യൂണിഫോം, സൂപ്പർമാർക്കറ്റ് ജീവനക്കാർക്കുള്ള വസ്ത്രങ്ങൾ, ഡോക്ടർമാരുടെ കോട്ടുകൾ, കോർപ്പറേറ്റ് വസ്ത്രങ്ങൾ എന്നിവയും കമ്പനി നിർമ്മിക്കുന്നുണ്ട്. കണ്ണൂരിലെ പരമ്പരാഗത ബീഡിനിർമ്മാണ മേഖലയുടെ തകർച്ചയെ തുടർന്ന് തൊഴിലില്ലാത്തവരായി മാറിയ തദ്ദേശവാസികൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂരിൽ അപ്പാരൽ യൂണിറ്റ് ആരംഭിച്ചതെന്നാണ് കമ്പനി അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇസ്രയേലിനെക്കൂടാതെ, ലോകമെമ്പാടുമുള്ള മറ്റ് വിവിധ രാജ്യങ്ങളിലെ സായുധ സേനകൾക്കും മരിയൻ അപ്പാരൽ യൂണിഫോം വിതരണം ചെയ്യുന്നു.
യുദ്ധം ആരംഭിച്ചതിന് ശേഷവും ഇസ്രായേൽ പോലീസ് കമ്പനിയെ സമീപിക്കുകയും കൂടുതൽ യൂണിഫോമുകൾക്കായി ഓർഡർ നൽകുകയും ചെയ്തിട്ടുണ്ട്.

