ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ ‘ഓപ്പറേഷൻ ചക്ര 2’ തുടക്കമിട്ട് സിബിഐ. രാജ്യവ്യാപക പരിശോധനയ്ക്ക് കീഴിൽ കേന്ദ്ര അന്വേഷണ ഏജൻസി പല സംസ്ഥാനങ്ങളിലായി 76 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. ആകെ അഞ്ച് കേസുകളും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ ഒരു കേസ് ക്രിപ്‌റ്റോകറൻസി വഴിയുള്ള തട്ടിപ്പാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസി അറിയിച്ചു. ഇതിൽ സൈബർ കുറ്റവാളികളുടെ ഒരു റാക്കറ്റ് ഇന്ത്യൻ പൗരന്മാരെ കബളിപ്പിച്ചത് 100 കോടി രൂപയാണ്. ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്ഐയു) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പരിശോധനയിൽ 32 മൊബൈൽ ഫോണുകൾ, 48 ലാപ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌കുകൾ, പെൻഡ്രൈവുകൾ എന്നിവ സിബിഐ കണ്ടെടുത്തു. ആമസോണിന്റെയും മൈക്രോസോഫ്റ്റിന്റെയും പരാതിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ കോൾ സെന്ററുകൾ നടത്തുകയും വിദേശ പൗരന്മാരെ ലക്ഷ്യമിട്ട് കമ്പനികളുടെ കസ്റ്റമർ കെയർ ഏജന്റുമാരായി വേഷമിടുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ഓപ്പറേഷൻ പ്രകാരം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഒമ്പത് കോൾ സെന്ററുകളിൽ പരിശോധന നടത്തി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ്, ഹരിയാന, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്.
ഓപ്പറേഷൻ ചക്ര-2 ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, ഇരകൾ, ഷെൽ കമ്പനികൾ, കുറ്റകൃത്യത്തിന്റെ വരുമാനം തിരിച്ചറിയൽ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ കുറ്റവാളികളെ ഇല്ലാതാക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള നിയമ നിർവ്വഹണ ഏജൻസികൾക്ക് നൽകാമെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ഓപ്പറേഷന് കീഴിൽ അന്താരാഷ്ട്രതലത്തിൽ വിവിധ അന്വേഷണസംഘവുമായി സഹകരിച്ചാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ഇതിൽ യു.എസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), സൈബർ ക്രൈം ഡയറക്ടറേറ്റ്, ഇന്റർപോളിന്റെ ഐഎഫ്സിസി, യു.കെയിലെ നാഷണൽ ക്രൈം ഏജൻസി (എൻസിഎ), സിംഗപ്പൂർ പോലീസ് എന്നിവ ഉൾപ്പെടുന്നു. ഇത് കൂടാതെ, ജർമ്മൻ സേനയും ബികെഎയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
Discussion about this post