ചെന്നൈ: എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്‌ഐ) ഫണ്ട് കേസില്‍ നടിയും മുന്‍ എം പിയുമായ ജയപ്രദയ്ക്ക് തിരിച്ചടി. ജയപ്രദയുടെ തടവ് ശിക്ഷ റദ്ദാക്കാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ചെന്നൈ എഗ്‌മോര്‍ കോടതി മാസങ്ങള്‍ക്ക് മുന്‍പ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഇ എസ് ഐ വിഹിതം അടയ്ക്കാത്തതാണ് ജയപ്രദക്കെതിരായ കേസ്. ചെന്നൈ എഗ്‌മോര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം എന്നും 15 ദിവസത്തിനകം 20 ലക്ഷം രൂപ കെട്ടിവച്ചാല്‍ ജാമ്യം നല്‍കാമെന്നും ജയപ്രദയോട് ഹൈക്കോടതി പറഞ്ഞു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ജയില്‍ ശിക്ഷ സസ്പെന്‍ഡ് ചെയ്യാന്‍ വിസമ്മതിച്ചതിനെതിരെ നല്‍കിയ അപ്പീലില്‍ വിധി പ്രസ്താവിച്ച ജസ്റ്റിസ് ജി ജയചന്ദ്രന്‍, പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങാനാണ് നടിയോട് പറഞ്ഞത്.
പതിനഞ്ച് ദിവസത്തിനകം 20 ലക്ഷം രൂപ സംയുക്തമായോ ഒന്നിച്ചോ നിക്ഷേപിച്ചാല്‍ മാത്രമേ ശിക്ഷ സസ്പെന്‍ഡ് ചെയ്യാനുള്ള അപേക്ഷ പരിഗണിക്കൂ എന്നും ജഡ്ജി ഉത്തരവില്‍ പറഞ്ഞു. ജയപ്രദ, ജയപ്രദ സിനി തിയറ്ററിലെ പങ്കാളികളായ രാംകുമാര്‍, രാജബാബു എന്നിവര്‍ക്ക് ആറ് മാസം തടവും 5000 രൂപ വീതം നല്‍കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്. പ്രധാന തൊഴില്‍ദാതാവ് തൊഴിലുടമയുടെയും ജീവനക്കാരന്റെയും സംഭാവനയുടെ ഇഎസ്‌ഐ വിഹിതത്തിലേക്ക് തുക അടക്കണം. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ സിനിമാ ഹാളിന്റെ മാനേജ്മെന്റ് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഇഎസ്ഐ വിഹിതം കുറച്ചെങ്കിലും സംസ്ഥാന ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 2003 ഏപ്രില്‍ 1 മുതല്‍ 2003 സെപ്റ്റംബര്‍ 31 വരെയുള്ള കാലയളവിലെ 52982 രൂപ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. പണം നല്‍കിയില്ലെന്ന തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇഎസ്‌ഐസി 2004ല്‍ എഗ്മോര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തിലേക്ക് എത്തിയത്. പിന്നീട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്‌സഭാംഗമായി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട ജയപ്രദ പിന്നീട് രാഷ്ട്രീയ ലോക് മഞ്ചിലും ആര്‍എല്‍ഡിയിലും എത്തി. 2019 ല്‍ ജയപ്രദ ബി ജെ പിയില്‍ ചേരുകയായിരുന്നു. ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ ജയപ്രദ മികച്ച നടിക്കുള്ള നന്തി അവാര്‍ഡ് നേടിയിട്ടുണ്ട്.
Discussion about this post