സാഹിബാബാദ്, ദുഹായ് എന്നീ ഡിപ്പോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റീജിയണൽ റെയിൽ സർവ്വീസാണിത്. ഈ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനായതു കൊണ്ട് തന്നെ വെറും 15 മിനിറ്റു കൊണ്ട് ഒരു നഗരത്തിൽ നിന്ന് മറ്റേ നഗരത്തിലേക്ക് എത്തിച്ചേരാനാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേ സമയം റാപിഡ് എക്സ് എന്ന പേര് മാറ്റി നമോ ഭാരത് എന്ന പേരിട്ടതിനു പിന്നാലെ കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നമോ സ്റ്റേഡിയത്തിന് ശേഷം നമോ ട്രെയിനുകൾ വരുന്നു. അദ്ദേഹത്തിന് അവനവനോടുള്ള ഭ്രമത്തിന് ഒരു പരിധിയില്ല എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ഇന്നലെ എക്സിൽ കുറിച്ചു. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സെമി-ഹൈ സ്പീഡ് റീജിയണൽ റെയിലിന്റെ ഇടനാഴിയുള്ളത് ഡൽഹി- ഗാസിയാബാദ്- മീററ്റ് റീജിയണിൽ ആണ്. ഈ ഇടനാഴിയിലൂടെ 160 കിലോമീറ്റർ വേഗതയിൽ വരെ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ കഴിയുമെങ്കിലും പ്രവർത്തന വേഗത കുറവായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉദ്ഘാടനത്തിനു ശേഷം ട്രെയിൻ നാളെ മുതൽ പൊതു ജനങ്ങൾക്കായി തുറക്കും. ഇപ്പോൾ സർവ്വീസ് നടത്തുന്നത് 17 കിലോ മീറ്റർ പാതയിൽ മാത്രമാണ്.
സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് എന്നീ 5 സ്റ്റോപ്പുകളാണ് ട്രെയിനിന് ഉള്ളത്. ട്രെയിനിനുള്ളിൽ സി സി ടിവി ക്യാമറകൾ, എമർജൻസി ഡോർ തുറക്കാനുള്ള സംവിധാനം, ട്രെയിൻ ഓപ്പറേറ്ററുമായി ആശയവിനിമയം നടത്താനുള്ള ബട്ടൺ എന്നീ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 30,000 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഡൽഹി- ഗാസിയാബാദ്- മീററ്റ് ഇടനാഴി നിർമിച്ചത്. ഒരു മണിക്കൂറിൽ ഡൽഹിയിൽ നിന്ന് ഗാസിയാബാദ്, മുറാദ്‌നഗർ, മോദിനഗർ എന്നീ നഗരങ്ങളിലൂടെ സഞ്ചരിച്ച് മീററ്റിലെത്താൻ ജനങ്ങൾക്ക് സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേ സമയം 82.15 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴി 025 ജൂണോടെ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്.
Discussion about this post