കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും തങ്ങളുടെ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന മാർഗനിർദേശം പുറപ്പെടുവിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ഇതര ലിംഗത്തിൽപ്പെട്ടവരുടെ അന്തസ്സും ശാരീരിക സ്വാതന്ത്ര്യവും സ്വകാര്യതയും മാനിക്കേണ്ടതുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി. പോക്സോ കേസിൽ കൗമാരക്കാരന് 20 വർഷം തടവ് ശിക്ഷ വിധിച്ച സെഷൻസ് കോടതി വിധി റദ്ദാക്കുകയും ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺസുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതുമായിബന്ധപ്പെട്ട് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ആൺകുട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ. പ്രായപൂർത്തിയാകാത്തവരുടെ ലൈംഗിക ബന്ധം സംബന്ധിച്ച നിയമപരമായ സങ്കീർണതകൾ ഒഴിവാക്കുന്നതിന് സ്കൂളുകളിൽ സമഗ്ര ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് ജസ്റ്റിസുമാരായ ചിത്ത രഞ്ജൻ ദാസ്, പാർത്ഥസാരഥി സെൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്തവരുടെ ലൈംഗിക ബന്ധം സംബന്ധിച്ച നിയമപരമായ സങ്കീർണതകൾ ഒഴിവാക്കുന്നതിന് സ്കൂളുകളിൽ സമഗ്ര ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നും രണ്ടംഗ ബെഞ്ച് പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരമാണ് കൗമാരക്കാരനായ തന്റെ ആൺസുഹൃത്തുമായി ബന്ധപ്പെട്ടതെന്നും തങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെന്നും പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ലൈംഗിക ബന്ധം സ്വാഭാവികമാണ്. അത്തരം പ്രേരണകളെ നിയന്ത്രിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. നൈമിഷികമായ പ്രേരണകൾക്ക് പെൺകുട്ടികൾ വഴങ്ങരുതെന്നും സ്വന്തം ശരീരത്തിന്റെ അന്തസ്സ്, ആത്മാഭിമാനം എന്നിവയ്ക്കുള്ള അവകാശം സംരക്ഷിക്കേണ്ടത് പെൺകുട്ടികളുടെ കടമയാണെന്നും ബെഞ്ച് പറഞ്ഞു. ആൺകുട്ടികൾ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അഭിമാനത്തെയും സ്വകാര്യതയെയും ബഹുമാനിക്കേണ്ടതുണ്ടെന്നും അതിനായി അവരെ പരിശീലിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയിലെ നിയമമനുസരിച്ച്, ലൈംഗികബന്ധത്തിനുള്ള അനുമതിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം ഇതിനു താഴെയുള്ളവർ തമ്മിലുള്ള ലൈംഗിക ബന്ധം കുറ്റകരമാണ്.
Discussion about this post