ലോകത്തിലെ മികച്ച വിനോദസഞ്ചാര ഗ്രാമമായി തിരഞ്ഞെടുക്കുപ്പെട്ടിരിക്കുകയാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ ദോർദോ. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേൾഡ് ടൂറിസം ഓർഗനൈസേഷനാണ് (UN-WTO) ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. കച്ച് മരുഭൂമിയുടെ പ്രവേശനകവാടമായി അറിയപ്പെടുന്ന സ്ഥലമാണ് ദോർദോ.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70 ഗ്രാമങ്ങളെയാണ് മികച്ച ടൂറിസം വില്ലേജുകളായി വേൾഡ് ടൂറിസം ഓർഗനൈസേഷൻ തിരഞ്ഞെടുത്തിരിക്കുന്നത്. വ്യാഴാഴ്ച ഉസ്‌ബെകിസ്താനിലെ സമർഖണ്ഡിൽ നടന്ന ചടങ്ങിൽ ഈ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഗ്രാമീണ വികസനം, പരിസ്ഥിതി പരിപാലനം, സാംസ്‌കാരി പൈതൃകവും വൈവിധ്യങ്ങളും എന്നിവയിലെ മികവുകൾ അടിസ്ഥാനമാക്കിയാണ് മികച്ച വിനോദസഞ്ചാര ഗ്രാമങ്ങളെ തിരഞ്ഞെടുക്കുന്നത്.

ഗുജറാത്തിലെ ഇന്ത്യാ-പാക് അതിർത്തിയിലെ കിലോമീറ്ററുകൾ നീളുന്ന ഉപ്പുമരുഭൂമിയാണ് കച്ച്. റാൻ ഓഫ് കച്ച് സന്ദർശിക്കുന്നവർ താമസിക്കാനെത്തുന്ന സ്ഥലമാണ് ദോർദോ. ഉപ്പ് മരുഭൂമിയുടെ അതിരായി നിലകൊള്ളുന്ന ഈ കൊച്ചു നഗരത്തിൽ അത്യാവശ്യം താമസ സൗകര്യമുള്ള ഹോട്ടലുകൾ ലഭ്യമാണ്. പ്രശസ്മായ റാൻ ഉത്സവം നടക്കാറുള്ളത് ഇവിടെയാണ്. ഗുജറാത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നവംബർ മധ്യത്തോടെയാണ് റാൻ ഉത്സവ് നടക്കാറുള്ളത്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമൊക്കെ ധാരാളം പേരാണ് ഈ ഉത്സവത്തിന്റെ ഭാഗമാകാനെത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയാണ് കച്ച്. ഇവിടുത്തെ പകുതിയോളം ഭൂപ്രദേശം ഉപ്പ് മരുഭൂമിയാണ്. 23,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഗ്രേറ്റ് റാൻ ഓഫ് കച്ചും 16,000 ചതുരശ്രകിലോമീറ്റർ വരുന്ന ലിറ്റിൽ റാൻ ഓഫ് കച്ചും. ഒരുകാലത്ത് ഇവിടം മുഴവൻ സമുദ്രമായിരുന്നെന്ന് പറയപ്പെടുന്നു. മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്ന പ്രദേശം വേനലിൽ വെള്ളം വറ്റുന്നതോടെ ആദ്യം ചതുപ്പും പിന്നെ ഉപ്പുപരലുകളുമായി ഭൂമി മാറുന്നു. ഈ വെളുത്ത ഭൂമി സൂര്യാസ്തമയത്തോടെ ചുവന്നുതുടുക്കുന്നത് മനോഹര കാഴ്ചയാണ്. പൂർണ്ണ ചന്ദ്രനെത്തുന്ന രാത്രികളിൽ ഇവിടുത്തെ നിലം വെട്ടിത്തിളങ്ങും. മരൂഭൂമിയുടെ സീറോപോയിന്റ് എന്നുവിളിക്കുന്ന മറ്റൊരറ്റത്ത് സൂര്യോദയം കാണാം.

ദോർദോയ്ക്ക് പുരസ്‌കാരം ലോകത്തിലെ മികച്ച വിനോദസഞ്ചാര ഗ്രാമം – ഗുജറാത്തിലെ കച്ച് ജില്ലയിലെ ദോർദോ മുൻപ് ഈ ഗ്രാമം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇന്ത്യൻ വിനോദസഞ്ചാര മേഖലയുടെ സാധ്യതകളെയും കച്ച് ജനതയുടെ അർപ്പണബോധത്തെയുമാണ് ഈ പുരസ്‌കാര നേട്ടം വ്യക്തമാക്കുന്നതെന്നും പ്രധാനമന്ത്രി കുറിച്ചു.

