ന്യൂഡൽഹി: ക്രമസമാധാന പാലനത്തിനിടെ കഴിഞ്ഞ ഒരു വർഷത്തിനിടെ 188 പോലീസുകാർ ഡ്യൂട്ടിക്കിടെ ജീവൻ ത്യജിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2022 സെപ്തംബർ 1 മുതൽ 2023 ഓഗസ്റ്റ് 31 വരെയുള്ള ഒരു വർഷത്തിനിടെ 188 പോലീസുകാരാണ് രാജ്യത്തെ ക്രമസമാധാനപാലനത്തിനു വേണ്ടി ഡ്യൂട്ടിയിൽ ജീവ ത്യാഗം സഹിച്ചത്. കുടുംബങ്ങളുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പോലീസ് അനുസ്മരണ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസുകാർക്ക് ഏറ്റവും കഠിനമായ ജോലിയാണ്- അത് പകലോ രാത്രിയോ, ശൈത്യകാലമോ വേനൽക്കാലമോ, ഉത്സവമോ സാധാരണ ദിവസമോ ആകട്ടെ, പോലീസുകാർക്ക് അവരുടെ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ അവസരം ലഭിക്കുന്നില്ല. രാജ്യത്തെ പോലീസുകാർ അവരുടെ ജീവിതത്തിലെ സുവർണ്ണ വർഷങ്ങൾ കുടുംബങ്ങളിൽ നിന്ന് അകന്ന് ചെലവഴിക്കുകയാണ്. അവരിൽ പലരും തങ്ങളുടെ ധീരതയിലൂടെയും ത്യാഗത്തിലൂടെയും രാജ്യത്തിന്റെ അതിർത്തി കാക്കുകയും തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുകയുംചെയ്യുന്നു.
സ്വാതന്ത്ര്യാനന്തരം രാജ്യത്തെ സേവിക്കുന്നതിനിടയിൽ ജീവൻ ബലിയർപ്പിച്ച 36,250 പോലീസുകാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ഷാ, പോലീസ് സ്മാരകം കേവലം പ്രതീകാത്മകമല്ലെന്നും രാഷ്ട്രനിർമ്മാണത്തിനായുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും അംഗീകാരമാണെന്നും കൂട്ടിചേർത്തു. പോലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിന് സർക്കാർ പൂർണ പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1959 ഒക്ടോബർ 21 ന് ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്സിൽ വൻ ആയുധധാരികളായ ചൈനീസ് സൈന്യം നടത്തിയ ഒളിയാക്രമണത്തിനിടെ 10 പോലീസുകാരാണ് ഡ്യൂട്ടിക്കിടെ മരിച്ചത്. അതിനുശേഷം, എല്ലാ വർഷവും ഒക്ടോബർ 21 ഈ രക്തസാക്ഷികളെയും ഡ്യൂട്ടിക്കിടെ മരണമടഞ്ഞ മറ്റെല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും ആദരണദിനമായി ആചരിക്കുന്നു.
Discussion about this post