തിരുവനന്തപുരം: അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിൽ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരെ കേസെടുത്തു. സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന പോലീസ് കേസെടുത്തത്. ബാങ്കിലെ നിക്ഷേപകനായ ശാന്തിവിള സ്വദേശിയായ മധുസൂദനൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. 10 ലക്ഷം രൂപയാണ് മധുസൂദനൻ ബാങ്കിൽ നിക്ഷേപിച്ചത്. ശിവകുമാർ പറഞ്ഞത് അനുസരിച്ചാണ് ബാങ്കിൽ പണം നിക്ഷേപിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. രാജേന്ദ്രൻ വി എസ് ശിവകുമാറിന്റെ ബിനമായാണെന്നാണ് പരാതിക്കാരുടെ ആരോപണം.
കിള്ളിപ്പാലം, വെള്ളായണി, നേമം എന്നിവിടങ്ങളിലായിരുന്നു അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ – ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ശാഖകൾ ഉണ്ടായിരുന്നത്. ഈ ശാഖകളിലായി നിക്ഷേപം നടത്തിയവർക്കാണ് പണം നഷ്ടമായത് എന്നാണ് ആരോപണം. 300ലേറെ പേർക്കായി 13 കോടിയോളം രൂപ ഇത്തരത്തിൽ നിക്ഷേപ തുക കിട്ടാനുണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു. നിക്ഷേപകർ നേരത്തെ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഡി ജി പിക്കും ഇത് സംബന്ധിച്ച് പരാതികൾ നൽകിയിരുന്നു, ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിൽ ആണ് കരമന പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ശിവകുമാറിന്റെ വീടിന് മുന്നിലും നിക്ഷേപകർ പ്രതിഷേധം നടത്തിയിരുന്നു.
Discussion about this post