ജെയ്പൂർ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിൽ താരസ്ഥാനാർത്ഥി പട്ടികയുമായി ബിജെപിയും കോൺഗ്രസും. രണ്ടാം ഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വസുന്ധര രാജെ സിന്ധ്യ അടക്കം 83 സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്.കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ തന്നെ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ഉൾപെട്ടിട്ടുണ്ട്. ആകെ 33 പേരാണ് കോൺഗ്രസിന്റെ ആദ്യപട്ടികയിലുള്ളത്. അസംബ്ലി സ്പീക്കർ സി പി ജോഷി നാഥ്ദ്വാര നിയമസഭാ മണ്ഡലത്തിൽ ജനവിധി തേടും. രാജസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര ലച്ച്മംഗഢിൽ നിന്നും മത്സരിക്കുന്നുണ്ട്.വസുന്ധര രാജെ ഝാൽറാപാഠൻ മണ്ഡലത്തിൽ നിന്നുതന്നെയാണ് ജനവിധി തേടുന്നത്.
കൂറുമാറി കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തിയ ജ്യോതി മിർധ നാഗൗർ സീറ്റിലാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗേലോട്ട് സർദാർപുര മണ്ഡലത്തിൽ നിന്നും ജനവിധി തേടും. പാർട്ടി സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിൽ നിന്നുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നതിന് പിന്നാലെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സച്ചിൻ പക്ഷത്ത് നിന്നും നാല് പേരും ആദ്യഘട്ടത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഇരുപക്ഷവും തമ്മിലുള്ള പ്രശ്നങ്ങൾ ഒഴിവായോ എന്നാണ് കണ്ടറിയേണ്ടത്. വെള്ളിയാഴ്ച ദോസയിൽ നടത്തിയ റാലിയിൽ അതാത് എംഎൽഎമാരെ വിജയിപ്പിക്കണമെന്ന് ഗെലോട്ട് വോട്ടർമാരോട് നിർദ്ദേശിച്ചിരുന്നു. സ്വതന്ത്ര എംഎൽഎ ഓംപ്രകാശ് ഹദുല കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾ ഉയർത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞത്.
ബിജെപിയിലേക്ക് എത്തിയാൽ വസുന്ധര രാജെ സിന്ധ്യയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിക്കാൻ വിമുഖത ഉണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിക്ക് പകരം കൂട്ടായ നേതൃത്വമാണ് ഇത്തവണ മുന്നോട്ട് വയ്ക്കുന്ന ആശയം. മോദിയുടെ പ്രതിഛായ ഉയർത്തിക്കാണിച്ച് വോട്ട് പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. വസുന്ധര രാജെയും സംസ്ഥാന അധ്യക്ഷൻ സതീഷ് പുനിയയും, കേന്ദ്ര മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ തമ്മിലുള്ള പോരാണ് ബിജെപിയെ ആശയക്കുഴപ്പത്തിലാക്കുന്നത്.
Discussion about this post