ചെന്നൈ: നടി ഗൗതമി ബിജെപിയിൽ നിന്ന് രാജിവെച്ചു. രാഷ്ട്രനിർമ്മാണത്തിനായി തന്നെകൊണ്ട് സാധിക്കുന്ന സംഭാവനകൾ നൽകുന്നതിനായിട്ടാണ് താൻ 25 വർഷം മുമ്പ് പാർട്ടിയിൽ ചേർന്നത്, എന്നാൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ ബിജെപിയിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനാലാണ് താൻ രാജിവെക്കുന്നത് എന്ന് നടി അറിയിച്ചു. ബിജെപിയുടെ അംഗത്വം രാജിവയ്ക്കാൻ ഞാൻ തീരുമാനിച്ചത് വളരെ വേദനയോടും കടുത്ത നിരാശയോടും കൂടിയാണ്. രാഷ്ട്രനിർമ്മാണത്തിനായി സംഭാവനകൾ നല്കുന്നതിനായിട്ടാണ് 25 വർഷം മുമ്പ് താൻ പാർട്ടിയിൽ ചേർന്നത്. ജീവിതത്തിൽ നേരിട്ട എല്ലാ വെല്ലുവിളികളിലും ആ പ്രതിബദ്ധതയെ മാനിച്ചു. എന്നിട്ടും ഇന്ന് താൻ ജീവിതത്തിലെ സങ്കൽപ്പിക്കാനാവാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലാണ് നിൽക്കുന്നത്. ഈ ഘട്ടത്തിൽ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും ഒരു പിന്തുണയും ഇല്ലെന്ന് മാത്രമല്ല, അവരിൽ പലരും തന്നെ ചതിക്കുകയും സമ്പാദ്യം കവരുകയും ചെയ്ത ആ വ്യക്തിയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയുമാണെന്നും ഗൗതമി രാജിക്കത്തിൽ പറഞ്ഞു.
മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിയുടെ നേതൃത്വത്തിന് കീഴിൽ 1997 ലാണ് ഗൗതമി ബിജെപിയിൽ ചേർന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് വേണ്ടി 1990 കളുടെ അവസാനത്തിൽ ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ അവർ പ്രചാരണം നടത്തിയിരുന്നു. മകളുടെ ജനനത്തിന് ശേഷം ഗൗതമി രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നു. 2017ൽ ബിജെപിയിൽ തിരിച്ചെത്തിയ ഗൗതമിക്ക് 2021ൽ രാജപാളയം അസംബ്ലി മണ്ഡലത്തിന്റെ ചുമതല ലഭിച്ചിരുന്നു.
Discussion about this post