ബംഗളൂരു : പരീക്ഷകൾ എഴുതുമ്പോൾ വിദ്യാർത്ഥിനികൾക്ക് ഹിജാബ് ധരിക്കാമെന്ന് കർണാടക സർക്കാർ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എം സി സുധാകറും പങ്കെടുത്ത അവലോകന യോഗത്തിലാണ് തീരുമാനം അറിയച്ചത്. ഹിജാബ് ധരിച്ച് പരീക്ഷ എഴുതുന്ന കാര്യത്തിലൊക്കെ വിവാദമുണ്ടാക്കാനാണ് ചില ആളുകൾ ശ്രമിക്കുന്നതെന്നും കാര്യങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും എം സി സുധാകർ കുറ്റപ്പെടുത്തി. എല്ലാവരുടെയും സ്വാതന്ത്രത്തെ മാനിച്ചാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. ഹിജാബ് ധരിച്ച് കർണാടകയിൽ നീറ്റ് പരീക്ഷ എഴുതാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷാർത്ഥികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് പരീക്ഷയെഴുതാമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ ബിജെപി സർക്കാരിന്റെ കാലത്താണ് കർണാടകയിലെ കോളേജുകളിൽ ഹിജാബ് വിലക്കിക്കണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. ഇതിനു പിന്നാലെ കർണാടകയിൽ വലിയ രീതിയിൽ പ്രതിഷേധങ്ങളുണ്ടായി. ഇതിന്റെ ഭാഗമായി ഉഡുപ്പിയിലെ ഗവൺമെന്റ് പി യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ ആറ് പെൺകുട്ടികളെ കോളേജിൽ കയറുന്നതിൽ നിന്ന് തടഞ്ഞിരുന്നു. ഇവർക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് പെൺകുട്ടികൾ കോളേജിന് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. അതേ സമയം പിന്നീട് കർണാടക ഹൈക്കോടതി ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവിനെ ശരിവച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന് അത്യന്താപേക്ഷിതമല്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. ഈ വിധിയെ ചോദ്യം ചെയ്ത് പെൺകുട്ടികൾ രംഗത്തെത്തി. ഇതിനു ശേഷം ഉഡുപ്പിയിലെ പല കോളേജുകളിലെയും ആൺകുട്ടികൾ കാവി സ്കാർഫ് ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങി. പ്രതിഷേധം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയും കർണാടകയിൽ പലയിടത്തും പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമാകുകയും ചെയ്തിരുന്നു.
അതേ സമയം 2023 മെയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നതോടെ ഹിജാബ് നിരോധനമുൾപ്പെടെ പിൻവലിക്കുമെന്ന് പാർട്ടിയുടെ ഏക മുസ്ലീം വനിതാ എം.എൽ.എ കനീസ് ഫാത്തിമ പ്രഖ്യാപിച്ചിരുന്നു.
Discussion about this post