നാഗ്പൂർ: അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. അയോധ്യയിൽ ശ്രീരാമക്ഷേത്രം പണി തുടരുകയാണ്. ജനുവരി 22ന് ക്ഷേത്രത്തിൽ ശ്രീരാമവിഗ്രഹം സ്ഥാപിക്കും. രാജ്യത്തെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ മോഹൻ ഭഗവത് അറിയിച്ചു. പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ശ്രീരാമവിഗ്രഹം സ്ഥാപിക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്ക് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കും. ജനുവരി 14ന് ശേഷം പ്രതിഷ്ഠാ നടപടികൾ ആരംഭിക്കാനാണ് തീരുമാനം. പത്ത് ദിവസത്തെ ആഘോഷ പരിപാടികളായിട്ടാണ് ചടങ്ങുകൾ നടത്തുക. ഭഗവാൻ ശ്രീരാമൻ്റെ വിഗ്രഹം രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ പോകുകയാണ്. രാമൻ കരുണയുടെ പ്രതീകമാണ്. ആ സന്ദേശമാണ് അയോധ്യയിൽ നിന്ന് ഉയരുന്നതെന്ന് മോഹൻ ഭഗവത് പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തുവരികയാണെന്നും, വോട്ട് ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ചിന്തിച്ച് വേണം വോട്ട് ചെയ്യാൻ, ആരാണ് നല്ല കാര്യങ്ങൾ ചെയ്യുന്നതെന്ന് ചിന്തിച്ച് വേണം വോട്ടവകാശം വിനിയോഗിക്കാൻ. ദീർഘനാളത്തെ അനുഭവം ഇന്ത്യൻ പൊതുസമൂഹം അനുഭവിച്ചതറിഞ്ഞതാണ്. അവർക്കാണ് വോട്ട് ചെയ്യേണ്ടത്. മോഹൻ ഭഗവത് പറഞ്ഞു.
ജി 20 ഇന്ത്യയിൽ നടത്താൻ കഴിഞ്ഞത് നേട്ടമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഇന്ത്യയുടെ നയതന്ത്ര മികവ് ലോകം കണ്ടു. ചന്ദ്രയാനും ഏഷ്യാൻ ഗെയിംസിലെ മെഡൽ നേട്ടവും മോഹൻ ഭാഗവത് പ്രശംസിച്ചു. ജി 20 ഉച്ചകോടി എല്ലാ വർഷവും നടക്കുന്നതാണെങ്കിലും ഈ വർഷം വലിയ മാറ്റങ്ങളാണ് കാണാനായത്. നമ്മുടെ ആതിഥ്യമര്യാദ ലോകം മനസിലാക്കി. നമ്മുടെ സംസ്കാരത്തെ അവർ വീക്ഷിച്ചു. ഏഷ്യൻ ഗെയിംസിൽ 100ൽ അധികം മെഡലുകൾ നമ്മുടെ കായിക താരങ്ങൾ രാജ്യത്തിനായി സ്വന്തമാക്കി. ലോകത്തെ അഞ്ചാമത്തെ സാമ്പാത്തിക ശക്തിയായി ഇന്ത്യ വളർന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post