കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള മുഴുവൻ പേർക്കും കോടതി ജാമ്യം അനുവദിച്ചു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പരാമർശിക്കപ്പെട്ട മുഴുവൻ പേരും കോടതിയിൽ ഹാജരായിരുന്നു. വിടുതൽ ഹർജി പരിഗണിക്കാൻ കേസിലെ എല്ലാവരും നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നാണ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ വാദം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരയ്യയ്ക്ക് പാരിതോഷികം നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണുമാണ് നൽകിയത്. സുന്ദരയ്യ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി വി രമേശ് 2021 ജൂണിൽ ഇതിനെതിരെ പരാതി നൽകി. ഈ പരാതിയിലാണ് കെ സുരേന്ദ്രനടക്കം ആറ് പേർക്കെതിരെ കേസെടുത്തത്.
Discussion about this post