തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് തീവണ്ടിയിലെ ഭക്ഷണവിതരണക്കാരിയായ സീമ മൗര്യ ഇനി ഡൽഹിയിൽ സൂപ്പർവൈസറായി ജോലിചെയ്യും. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽനിന്ന് ഭരതനാട്യത്തിൽ ബിരുദം നേടിയ വാരാണസി സ്വദേശിനി സീമ കേരളത്തിലെ വന്ദേഭാരത് ട്രെയിനിൽ ഭക്ഷണവിതരണക്കാരിയായി ജോലിചെയ്യുന്ന വാർത്ത പുറത്ത് വന്നിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട ഭക്ഷണവിതരണകമ്പനി സീമയ്ക്ക് സ്ഥാനക്കയറ്റം നൽകാൻ ഡൽഹിയിൽ നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ചയോടെ സപ്ലൈയർ ജോലി അവസാനിപ്പിച്ച് പുതിയ ചുമതല ഏറ്റെടുക്കാൻ ചൊവ്വാഴ്ച ഡൽഹിയിലേക്ക് സീമ വണ്ടി കയറി.ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽനിന്ന് ഭരതനാട്യത്തിൽ ബി.പി.എ. ബിരുദം നേടിയ നർത്തകികൂടിയായ സീമയ്ക്ക് കുടുംബത്തിലെ പ്രാരാബ്ദംമൂലം നൃത്തത്തിൽ ഉപരിപഠനം തുടരാനായില്ല. പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറാവാൻ ഡൽഹിയിലെത്തിയപ്പോഴാണ് വന്ദേഭാരത് ട്രെയിനുകളിൽ ഭക്ഷണവിതരണത്തിന് സ്ത്രീകളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടത്. പരിശീലനത്തിനുശേഷം സീമയ്ക്ക് നിയമനം കിട്ടിയത് കേരളത്തിലാണ്. അങ്ങനെയാണ് സീമ കേരളത്തിലെ ആദ്യ വന്ദേഭാരത് തീവണ്ടിയിലെ ഭക്ഷണവിതരണക്കാരിയായി തിരുവനന്തപുരത്ത് എത്തുന്നത്.
Discussion about this post