രാഷ്ട്രീയ സ്വയം സേവക് സംഘിൻറെ ചരിത്രം പറയുന്ന സീരിസ് അണിയറയിൽ ഒരുങ്ങുന്നു. 2025 ൽ ആർഎസ്എസിൻറ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് സീരിസ് ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാക്കളായ ആറ് സംവിധായകരാണ് ഈ സീരിസ് ഒരുക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റ് തരൺ ആദർസ് പങ്കുവച്ച ട്വീറ്റ് പറയുന്നത്. വൺ നേഷൻ അഥവ ഏക് രാഷ്ട്ര് എന്നാണ് സീരിസിൻറെ പേര്. സീരിസിൻറെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. പ്രിയദർശൻ, വിവേക് അഗ്നിഹോത്രി, ഡോ.ചന്ദ്രപ്രകാശ് ദിവേധി, ജോൺ മാത്യു മാത്തൻ, മഞ്ജു ബോറ, സഞ്ജയ് സിംഗ് എന്നിവരാണ് സീരിസ് ഒരുക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ തന്നെ ഈ പ്രൊജക്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി എക്സ് അക്കൌണ്ടിൽ പോസ്റ്റ് ഇട്ടിരുന്നു. ‘ഇന്ത്യയുടെ ഒരിക്കലും വാഴ്ത്താത്ത ഹീറോകളുടെ കഥയാണ് ഇത്. 100 വർഷത്തോളം അവർ രാജ്യത്തെ ഒന്നിപ്പിക്കാൻ ജീവിതം തന്നെ സമർപ്പിച്ചു’ – അന്ന് വിവേക് അഗ്നിഹോത്രിയുടെ പോസ്റ്റിൽ പറഞ്ഞു. വിഷ്ണു വർദ്ധൻ ഇന്ദൂരി, ഹിതേഷ് താക്കർ എന്നിവരാണ് ഈ സീരിസ് നിർമ്മിക്കുന്നത്.
2025ൽ ആർഎസ്എസ് നൂറാം വാർഷികത്തോട് അനുബന്ധിച്ച് ഈ സീരിസ് ഇറങ്ങും എന്നാണ് റിപ്പോർട്ട്. സീരിസിലെ താര നിർണ്ണയം അടക്കം നടക്കാനുണ്ടെന്നാണ് വിവരം. അതേ സമയം ബോളിവുഡിലെയും പ്രദേശിക ചലച്ചിത്ര രംഗത്തെയും പ്രമുഖ താരങ്ങൾ വൺ നേഷൻ സീരിസിൽ വേഷമിടുമെന്നാണ് വിവരം. നേരത്തെ ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളുടെ രചിതാവും വിഖ്യാത സംവിധായകൻ എസ്എസ് രാജമൌലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ് ആർഎസ്എസിനെ സംബന്ധിച്ച് ഒരു ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നതായി വിവരമുണ്ടായിരുന്നു. എന്നാൽ പിന്നീട് അതിൻറെ അപ്ഡേറ്റുകൾ ഒന്നും പുറത്തുവന്നിരുന്നില്ല.
Discussion about this post