ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അടുത്ത വർഷം ജനുവരി 22നാണ് ഉദ്ഘാടനമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ പ്രധാനമന്ത്രിയെ ഡൽഹിയിലെത്തി കാണുകയും, ഉദ്ഘാടനത്തിനായി അദ്ദേഹത്തെ ക്ഷണിക്കുകയുമായിരുന്നു. പ്രാൺ പതിഷ്ഠ ചടങ്ങ് എന്നാണ് ഇത് അറിയപ്പെടുന്നത്. അതേസമയം രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുകയാണ്.
ചരിത്രപരമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സാധിക്കുന്നത് മഹാഭാഗ്യമാണെന്നും മോദി പറഞ്ഞു. ട്രസ്റ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും മോദി എക്‌സിൽ പങ്കുവെച്ചു. മൂന്ന് നിലകളുള്ള ഈ ക്ഷേത്രത്തിന്റെ ആദ്യ നിലയുടെ നിർമാണം ഡിസംബറോടെ പൂർത്തിയാവുമെന്ന് രാമക്ഷേത്ര നിർമാണ കമ്മിറ്റി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര ശിലാന്ന്യാസം നിർവഹിച്ചത്. ശ്രീരാമന്റെ വിഗ്രഹം ജനുവരി 22ന് സ്ഥാപിക്കുമെന്ന് രാമജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. നാലായിരം സന്ന്യാസിമാരും, 2500 പ്രമുഖരും ചരിത്ര നിമിഷത്തിന് സാക്ഷിയാവാൻ അയോധ്യയിലെത്തും. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പ്രാണ പ്രതിഷ്ഠയ്‌ക്കെത്തും.

