ദോഹ: ഖത്തറില്‍ തടവിലായ എട്ടു ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥരെയാണ് ഖത്തർ വധശിക്ഷക്ക് വിധിച്ചത്. ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു. അൽ ദഹ്‌റ കമ്പനിയിലെ 8 നാവിക ജീവനക്കാരെയാണ് ഖത്തർ വധ ശിക്ഷക്ക് വിധിച്ചിരിക്കുന്നത്. ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം.
കേസിന്റെ നടപടിക്രമങ്ങൾ രഹസ്യമായാണ് ഖത്തർ കെെകാര്യം ചെയ്യുന്നത്. ഖത്തർ നാവിക സേനക്ക് പരിശീലനം നൽകുന്ന കമ്പനിയാണ് അൽദഹ്റ. കൂടാതെ നാവിക സേനക്ക് വേണ്ടി ഉപകരണങ്ങളും നൽകുന്നത് ഇവർ തന്നെയാണ്. ഖത്തറിപ്പോഴും ഇവർക്കെതിരെ ചുമത്തിയ കുറ്റം എന്തെന്ന് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വിചാരണ അടക്കമുള്ള കാര്യങ്ങള്‍ രഹസ്യമായാണ് നടന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരും ഖത്തര്‍ സര്‍ക്കാരും തമ്മില്‍ ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍. ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയാണിവർ. വിചാരണയ്ക്ക് ശേഷം ഇവരെയിപ്പോൾ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു എന്ന വിവരമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.
Discussion about this post