ഡൽഹി: സ്കൂൾ പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന എൻസിഇആർടിയുടെ നിർദേശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശുപാർശ സംസ്ഥാനം തള്ളിക്കളയുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പുതിയ തലമുറയ്ക്ക് രാജ്യത്തിന്റെ ആധികാരിക ചരിത്രം പഠിക്കാനുള്ള അവസരം നിഷേധിച്ചുകൊണ്ട് മുഴുവൻ പാഠ്യപദ്ധതിയും കാവിവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ദേശീയ തലത്തിലുള്ള ഈ പാഠ്യപദ്ധതി പരിഷ്‌കരണം ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ശിവൻകുട്ടി പറഞ്ഞു. ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതുപോലെ ഇന്ത്യയോ ഭാരതമോ ഉപയോഗിക്കാൻ ഓരോ പൗരനും അവകാശമുണ്ടെന്നും പാഠപുസ്തകത്തിൽ ഭാരത് എന്ന് മാത്രം ഉപയോഗിക്കാൻ ആവശ്യപ്പെട്ടത് ഹിഡൻ അജണ്ടയും സങ്കുചിത രാഷ്ട്രീയവും ഉള്ളതാണെന്നും കേരളത്തിന് അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ഫെഡറൽ രാജ്യത്ത്, സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി തേടേണ്ടതായിരുന്നു, എന്നാൽ ഇപ്പോൾ ഇന്ത്യയിൽ അത് നടക്കുന്നില്ലെന്നും മന്ത്രി ആരോപിച്ചു. വിദ്യാഭ്യാസം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയമായതിനാൽ ആ വിഷയത്തിൽ സംസ്ഥാനത്തിന് സ്വന്തമായി തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. ഭരണഘടനാ വിരുദ്ധവും അശാസ്ത്രീയവും യഥാർത്ഥ ചരിത്രത്തെ വളച്ചൊടിക്കുന്നതുമായ ഉള്ളടക്കം പാഠപുസ്തകങ്ങളിലൂടെ കുട്ടികൾക്ക് നൽകാനാണ് എൻസിഇആർടി ഉദ്ദേശിക്കുന്നതെങ്കിൽ അക്കാദമിക് സംവാദങ്ങൾ ഉയർത്തി കേരളം അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 11, 12 ക്ലാസുകളിലേക്കുള്ള എല്ലാ പാഠപുസ്തകങ്ങളും സംസ്ഥാനത്ത് തന്നെ തയ്യാറാക്കുന്നതിനെക്കുറിച്ച് സർക്കാർ സംസ്ഥാന കരിക്കുലം കമ്മിറ്റി വിളിച്ചുകൂട്ടി വിശദമായി ചർച്ച ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച് വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ ആലോചിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന എൻസിഇആർടിയുടെ ശുപാർശക്ക കേന്ദ്ര സർക്കാരിനെതിരെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. ‘വളച്ചൊടിച്ച ചരിത്രം’ ഒരു തലമുറയെ പഠിപ്പിക്കാനാണ് ശ്രമമെന്നായിരുന്നു ആക്ഷേപം. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) നിയോഗിച്ച സോഷ്യൽ സയൻസിനായുള്ള ഒരു ഉന്നതതല സമിതി, രാജ്യവ്യാപകമായി എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങളിൽ “ഇന്ത്യ” എന്നതിന് പകരം “ഭാരത്” എന്ന് ഉൾപ്പെടുത്താൻ ശുപാർശ ചെയ്തിരുന്നു.
പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാനും പാഠ്യപദ്ധതിയിൽ “പുരാതന ചരിത്രം” എന്നതിനുപകരം “ക്ലാസിക്കൽ ചരിത്രം” അവതരിപ്പിക്കാനും ഇന്ത്യൻ വിജ്ഞാനം ഉൾപ്പെടുത്താനും എൻസിഇആർടിയുടെ ഉന്നതതല സമിതി അധ്യക്ഷൻ സിഐ ഐസക് പാനൽ നിർദ്ദേശിച്ചത്. അതേസമയം, സമിതിയുടെ ശുപാർശകളിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് എൻസിഇആർടി ചെയർമാൻ ദിനേഷ് സക്ലാനി പറഞ്ഞത്.
Discussion about this post