കോഴിക്കോട്: ഹമാസിന്റേത് ഭീകര പ്രവർത്തനമെന്ന കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിന്റെ പ്രസ്താവനക്ക് മറുപടി നൽകി മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ . പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണം. ഹമാസിന്റേത് സ്വാതന്ത്ര്യ സമര പോരാട്ടമാണെന്ന് എം കെ മുനീർ പറഞ്ഞു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലിയിലായിരുന്നു മുനീറിന്റെ പ്രതികരണം.മുസ്ലിം ലീഗിന്റെ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ശശി തരൂർ ഹമാസിനെ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ചത്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേർ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രയേൽ അതിന് നൽകിയ മറുപടി ഗാസയിൽ ബോംബിട്ടുകൊണ്ടാണ്. അതിൽ 6000 തിലധികം പേർ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേൽ ഇപ്പോഴും ബോംബാക്രമണം നിർത്തിയിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു. കഴിഞ്ഞ 15 വർഷം നടന്ന മരണത്തെക്കാൾ കൂടുതൽ മരണം ഇപ്പോൾ നടന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.
അതേസമയം പലസ്തീനിൽ നടക്കുന്നത് മാനുഷിക നിയമത്തിന്റെ ലംഘനമാണെന്ന് ശശി തരൂർ പറഞ്ഞു. ഭക്ഷണം, വെള്ളം, വൈദ്യുതി, തുടങ്ങിയ അവശ്യ വസ്തുക്കൾ പോലും ഇസ്രയേൽ നിഷേധിക്കുന്നു. ആശുപത്രികളുടെ പ്രവർത്തനങ്ങൾ പോലും പ്രതിസന്ധിയിലാണ്. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ളവർ ഓരോ ദിവസവും മരിക്കുന്നു. പലസ്തീനയിൽ ജനീവ കൺവൻഷന്റെ നിയമങ്ങൾ ലംഘനമാണ് നടക്കുന്നത്. യുദ്ധത്തിനും ചില നിയമങ്ങളുണ്ട്. അതൊക്കെ ഇസ്രയേൽ ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post